കന്നഡയില്‍ അരങ്ങേറ്റം കുറിക്കാന്‍ പ്രിയാ വാര്യര്‍. താരം നായികയായെത്തുന്ന ചിത്രം മെയ് ആറിന് തിയ്യേറ്ററുകളിലെത്തും.

ഒമര്‍ ലുലു സംവിധാനം നിര്‍വഹിച്ച ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി ആരാധകരെ സൃഷ്ടിച്ച പ്രിയാ വാര്യര്‍ കന്നഡയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. വിഷ്ണുപ്രിയ എന്ന ചിത്രത്തിലൂടെ കന്നഡയില്‍ താരം അരങ്ങേറ്റം കുറിക്കുന്നത്. വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തില്‍ കന്നഡിയരുടെ പ്രിയനായകന്‍ ശ്രേയസ് മഞ്ജുവിന്റെ നായികയായാണ് പ്രിയയെത്തുന്നത്. ഈ വരുന്ന മെയ് ആറിനായിരിക്കും സിനിമ തിയ്യേറ്ററുകളിലെത്തുക. സിനിമയിലെ പുതിയ ചിത്രങ്ങള്‍ പ്രിയ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

View post on Instagram

വിഷ്ണുവിന്റേയും പ്രിയയുടേയും മനോഹരമായ യാത്രയെക്കുറിച്ചറിയാന്‍ കുറച്ചുകൂടി കാത്തിരിക്കൂവെന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നവ്യാ നായരുടെ കൂടെയുള്ള പ്രിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു. വി.കെ പ്രകാശ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഒരുത്തിയുടെ സെറ്റില്‍ പ്രിയ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വി.കെ പ്രകാശ് തന്നെയായിരുന്നു പങ്കുവച്ചത്. അതിനെത്തുടര്‍ന്ന് പ്രിയ ഒരുത്തിയില്‍ അഭിനയിക്കുന്നുണ്ടോ എന്നുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.

View post on Instagram

1990ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി സിന്ധുശ്രീ എഴുതിയ തിരക്കഥയിലാണ് വിഷ്ണുപ്രിയ സിനിമയാകുന്നത്. മലയാളത്തിലും കന്നഡയിലും ഒരേസമയം സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ് വി.കെ പ്രകാശ്. മലയാളത്തില്‍ നവ്യാ നായരെ പ്രധാന കഥാപാത്രമാക്കിയാണ് ഒരുത്തി ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കന്നഡയിലെ വിഷ്ണുപ്രിയ പ്രിയ്യയുടെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണ്. പ്രശാന്ത് മമ്പുള്ളി സംവിധാനം ചെയ്ത് പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ശ്രീദേവി ബംഗ്ലാവിലൂടെയായിരുന്നു പ്രിയ ബോളീവുഡ്ഡില്‍ അരങ്ങേറ്റം കുറിച്ചത്.