ഒരു കണ്ണിറുക്കലിലൂടെ മലയാളിയുടെ ഹൃദയം കീഴടക്കിയ ഒരാളേ കേരളത്തിലുള്ളൂ... അത് മറ്റാരുമല്ല ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് ചിത്രത്തിലെ പുതിയ നായിക തൃശ്ശൂരുകാരിയായ പ്രിയ വാര്യരാണ്. 48 മണിക്കൂറിനുള്ളില്‍ പ്രിയയുടെ പുരികം ചുരുക്കലും പ്രണയാര്‍ദ്രമായ നോട്ടവും കണ്ടത് 20 ലക്ഷത്തിലധികം പേരാണ്. പ്രിയ, വൈശാഖ് പവനന്‍ തുടങ്ങിയ രണ്ട് കഥാപാത്രങ്ങള്‍ക്ക് കൂടി സിനിമയില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സിനിമയുടെ ഷെഡ്യൂള്‍ മാറ്റിവച്ചിരിക്കുകയാണിപ്പോള്‍. ഏപ്രില്‍ അവസാനത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. ഒറ്റദിവസം കൊണ്ട് താരമായ പ്രിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.

സന്തോഷം

ഒരുപാട് കോള്‍സും മെസേജസും വരുന്നുണ്ട്. ഒരുപാട് പേര് ഇഷ്ടായി എന്നു പറഞ്ഞു വിളിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൊക്കെ ഭയങ്കര റെസ്പോണ്‍സുണ്ട്... സന്തോഷം.

പുരികം ചുരുക്കലിന്‍റെ ട്രിക്ക്

പുരികം ചുരുക്കുന്നത് ട്രിക്കാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കലും നേരത്തെ പ്രാക്ടീസ് ചെയ്തതോ പ്രീ പ്ലാന്‍ഡോ ഒന്നും ചെയ്തതല്ല. ഒമറിക്ക ചെയ്യാമോ എന്നു ചോദിച്ചു സ്പോട്ടില്‍ ചെയ്യുകയായിരുന്നു.

ചങ്ക്സിലും സെലക്ടായിരുന്നു..

ഓഡിഷനില്‍ പോയി ചങ്ക്സിലേക്കും സെലക്ടായിരുന്നു പക്ഷെ പരീക്ഷയായതിനാല്‍ അപ്പോള്‍ പോകാന്‍ കഴിഞ്ഞില്ല വലിയ വിഷമത്തിലായിരുന്നു. അങ്ങനെയാണ് അഡാറ് ലവിന്‍റെ ഓഡിഷന്‍ നടക്കുന്നതായി അറിഞ്ഞത്.

ലീഡ് റോളിലേക്ക്

ചെറിയ ഒരു റോളിലേക്കായിരുന്ന ഓഡിഷനില്‍ സെല്കടായത്. പിന്നെ ആ മാനറിസം എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങനെയാണ് ലീഡ് റോളിലേക്ക് പരിഗണിക്കാന്‍ ഒമറിക്ക പരിഗണിക്കുന്നത്. പക്ഷെ അപ്പോഴും ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത കാര്യമൊന്നും അറിയില്ലായിരുന്നു. അടുത്താണ് അറിയുന്നത് ഷെഡ്യൂള്‍ മാറ്റിയത് സ്ക്രിപ്റ്റ് റീ റൈറ്റ് ചെയ്യാനും ഞങ്ങള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കാനുമാണെന്ന്. അറിഞ്ഞതോടെ ഭയങ്കര ഹാപ്പിയാണ്. എക്സൈറ്റഡ് ആണ്.