സംവിധായകന്‍ പ്രിയദര്‍ശന്‍റെയും ഭാര്യ ലിസിയുടെയും വിവാഹമോചനഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്തംബര്‍ ഏഴിന് വിധി പറയും. പ്രിയദര്‍ശന്‍ കോടതിയില്‍ എത്താത്തതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്. പരസ്‌പര സമ്മത പ്രകാരമാണ് ഹര്‍ജി നല്‍കിയതെന്നും വിവാഹമോചനത്തിന്‍റെ മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞെന്നും ലിസി വ്യക്തമാക്കി.

ഇരുപത്തിനാലു വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരാകാന്‍ തീരുമാനിക്കുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രിയദര്‍ശനെതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസില്‍ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീര്‍പ്പുണ്ടാക്കുകയും പരസ്‌പരസമ്മതപ്രകാരമുള്ള വിവാഹമോചനഹര്‍ജി നല്‍കുകയും ചെയ്തു. ഇരുവരുടെയും സ്വത്തുക്കള്‍ പങ്കുവെക്കുന്നതുള്‍പ്പടെയുള്‍പ്പടെയുള്ള നടപടികളും പൂര്‍ത്തിയാക്കിയതായി ലിസി വ്യക്തമാക്കി.

നിയമപ്രകാരം ആറു മാസം പിരിഞ്ഞ് താമസിച്ച ശേഷം ഇന്ന് കോടതി ഇരുവരുടെയും ഹര്‍ജി പരിഗണിക്കാനിരിയ്‌ക്കുകയായിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍ കോടതിയിലെത്താത്തതിനെത്തുടര്‍ന്ന് കേസില്‍ വിധി പറയുന്നത് സെപ്റ്റംബര്‍ ഏഴിലേയ്‌ക്ക് മാറ്റി. ജ്യോത്സ്യന്‍റെ നിര്‍ദേശപ്രകാരമാണ് വേര്‍പിരിയലെന്നും ഇരുവരും ഉടന്‍ വീണ്ടും വിവാഹിതരാകുമെന്നുമുള്ള തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ലിസിയും പ്രിയദര്‍ശനും രംഗത്തെത്തിയിരുന്നു.