പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം ബോക്സ് ഓഫീസ് കളക്ഷന്‍ 50 കോടിയും പിന്നിട്ട് മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അടുത്ത മലയാള സിനിമയെ കുറിച്ചുള്ള ആലോചനയിലാണ് പ്രിയദര്‍ശന്‍. ഒരു സ്പോര്‍ട്സ് സിനിമയാണ് പ്രിയദര്‍ശന്‍ ആലോചിക്കുന്നത്.
മുമ്പ് ടി ദാമോദരന്‍ ഒരു സ്പോര്‍ട്സ് സിനിമയെ കുറിച്ച് പറഞ്ഞിരുന്നു. പല കാരണങ്ങളാല്‍ അത് നടന്നില്ല. ഇപ്പോള്‍ ഞാന്‍ കായികതാരങ്ങളോട് സംസാരിച്ചുവരികയാണ്. സ്പോര്‍ട്സ് പ്രമേയമായി ഒരു സിനിമ ചെയ്യുന്നതിനായുള്ള ആശയം കിട്ടാനായി. തിരക്കഥ നല്ലതായാല്‍ മാത്രമാണ് പക്ഷേ അടുത്ത സിനിമയായി അത് ആലോചിക്കുക - പ്രിയദര്‍ശന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നുണ്ട്. ശ്രീനിവാസനാണ് തിരക്കഥ ഒരുക്കുന്നത്.
