ദേശീയ അവാര്‍ഡിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിന് കിട്ടിയത് അര്‍ഹിക്കുന്ന അംഗീകാരമാണ്. സൗഹൃദ അവാര്‍ഡ് ആയിരുന്നെങ്കില്‍ കഴിഞ്ഞതവണ ഷോലെ സംവിധായകന്‍ രമേഷ് സിപ്പി അമിതാഭ് ബച്ചന് അവാര്‍ഡ് നല്‍കിയത് ആരും ചോദ്യം ചെയ്യാത്തത് എന്ത് കൊണ്ടാണെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ ചോദിച്ചു. മുന്‍പ് അജയ് ദേവ്ഗണിന് ദേശീയ പുരസ്കാരം നല്‍കിയത്, താരത്തിനൊപ്പം നിരവധി ചിത്രങ്ങളില്‍ സഹകരിച്ച സംവിധായകന്‍ പ്രകാശ് ഝാ ആയിരുന്നെന്നും പ്രിയദര്‍ശന്‍ ഓര്‍മ്മിപ്പിച്ചു. ബോക്‌സ് ഓഫീസ് വിജയങ്ങളേക്കാള്‍ മികച്ച പ്രമേയങ്ങളാണ് മാനദണ്ഡമാക്കിയത്. ജൂറി തഴഞ്ഞെന്ന് ആരോപിക്കപ്പെടുന്ന അലിഗഢ്, ദംഗല്‍ എന്നീ ചിത്രങ്ങള്‍ സാധാരണ ജീവിതകഥകള്‍ മാത്രമാണ് അവതരിപ്പിച്ചതെന്നും പ്രിയദര്‍ശന്‍ വിശദീകരിച്ചു.