ചെന്നൈ: സംവിധായകൻ പ്രിയദർശനും ചലച്ചിത്ര താരം ലിസിയ്ക്കും ചെന്നൈ കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഇരുവരും സംയുക്തമായി നൽകിയ ഹർജിയിലാണ് വിവാഹമോചനം അനുവദിച്ച് കോടതി ഉത്തരവായത്.
24 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് പ്രിയദർശനും ലിസിയും വിവാഹമോചിതരാകാൻ തീരുമാനിയ്ക്കുന്നത്. വിവാഹമോചനം ആവശ്യപ്പെട്ട് ലിസിയാണ് ആദ്യം ചെന്നൈ കുടുംബകോടതിയിൽ ഹർജി നൽകിയത്. പ്രിയദർശനെതിരെ നൽകിയ ഗാർഹികപീഡനക്കേസിൽ പിന്നീട് ഹൈക്കോടതിയുടെ ഇടപെടലോടെ ഒത്തുതീർപ്പുണ്ടാക്കുകയും പരസ്പരസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകുകയും ചെയ്തു. പിന്നീട് ഇരുവരുടെയും സ്വത്തുക്കൾ പങ്കുവെക്കുന്നതുൾപ്പടെയുൾപ്പടെയുള്ള നടപടികളും പൂർത്തിയാക്കി.
നിയമപ്രകാരം ആറ് മാസം പിരിഞ്ഞ് താമസിച്ച ശേഷം രണ്ട് തവണ കോടതി കേസ് പരിഗണിച്ചെങ്കിലും മോഹൻലാൽ ചിത്രം ഒപ്പത്തിന്‍റെ തിരക്കുകളിലായതിനാൽ പ്രിയദർശൻ കോടതിയിലെത്തിയിരുന്നില്ല. തുടർന്ന് രണ്ട് തവണ കേസിൽ വിധി പറയുന്നത് കോടതി മാറ്റി വെച്ചു. ജ്യോത്സ്യന്‍റെ നിർദേശപ്രകാരമാണ് വേർപിരിയലെന്നും ഇരുവരും ഉടൻ വീണ്ടും വിവാഹിതരാകുമെന്നുമുള്ള തരത്തിൽ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ലിസിയും പ്രിയദർശനും രംഗത്തെത്തിയിരുന്നു.
