പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കി മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാര്‍ വരുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അതിന് ഉത്തരവുമായാണ് പ്രിയദര്‍ശന്‍ എത്തിയത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാരും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ ചെയ്യുന്ന ചിത്രവുമാണ് സിനിമാ പ്രേമികളെ ആശയക്കുഴപ്പത്തിലാക്കിയത്.

എന്നാല്‍ മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ചിത്രം വരുന്നുണ്ടെങ്കില്‍ തന്‍റെ കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു. മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാരുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശന്‍റെ സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല.

രണ്ട് ഹിന്ദി സിനിമകളുടെ ജോലി തിരക്കുള്ളതിനാലാണ് പ്രിയദര്‍ശന്‍ തല്‍ക്കാലം സിനിമ വേണ്ടെന്ന് വയ്ക്കുന്നത്.അഭിഷേക് ബച്ചന്‍ നായകനാകുന്ന ചിത്രമാണ് ആദ്യം ചെയ്യുന്നത്. 

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടുകൂടി ചിത്രീകരണം ആരംഭിക്കും. ടിപി രാജീവനും ശങ്കര്‍ രാമകൃഷ്ണനുമാണ് ചിത്രത്തിന്റെ തിരക്കഥ.