ദേശീയ പുരസ്കാര ജേതാവായ നടി പ്രിയാമണി, സിനിമയിൽ സഹനടന്മാരെക്കാൾ കുറഞ്ഞ പ്രതിഫലം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. എങ്കിലും തൻ്റെ കഴിവും മാർക്കറ്റ് മൂല്യവും അനുസരിച്ച് അർഹമായ പ്രതിഫലം ചോദിച്ചുവാങ്ങുമെന്നും വ്യക്തമാക്കി.

അമീർ സംവിധാനം ചെയ്ത് കാർത്തി നായകനായി എത്തിയ 'പരുത്തിവീരൻ' എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. മലയാളം, തമിഴ് തുടങ്ങീ തെന്നിന്ത്യൻ സിനിമകളിലെല്ലാം സജീവമായ പ്രിയാമണി ബോളിവുഡിലും മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാളത്തിൽ ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു പ്രിയാമണി കാഴ്ചവെച്ചത്. തമിഴ് സൂപ്പർ താരം വിജയ് നായകനായി എത്തുന്ന അവസാന ചിത്രം 'ജനനായകനി'ലും പ്രിയാമണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ സിനിമയിലെ പ്രതിഫലത്തെ കുറിച്ചുള്ള പ്രിയാമണിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൂടെ അഭിനയിച്ച സഹനടനെക്കാൾ കുറഞ്ഞ പ്രതിഫലം തനിക്ക് ലഭിച്ച സമയങ്ങളുണ്ടെന്നും,തനിക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന പ്രതിഫലം താൻ ചോദിക്കുമെന്നും പ്രിയാമണി പറയുന്നു. "നിങ്ങളുടെ മാര്‍ക്കറ്റ് മൂല്യം എന്ത് തന്നെയായാലും, നിങ്ങളത് ആവശ്യപ്പെടണം. അതിനനുസരിച്ചുള്ള തുക നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ സഹനടനേക്കാള്‍ കുറഞ്ഞ പ്രതിഫലം എനിക്ക് ലഭിച്ച സമയങ്ങളുണ്ട്. എന്നിരുന്നാലും അത് എന്നെ അലട്ടുന്നില്ല. എന്റെ മാര്‍ക്കറ്റ് മൂല്യവും, എന്റെ മൂല്യവും എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. ഇതാണ് എന്റെ അഭിപ്രായവും എന്റെ അനുഭവവും. എനിക്ക് അര്‍ഹതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന പ്രതിഫലം ഞാന്‍ ചോദിക്കും. അനാവശ്യമായി ഒരുപാട് പ്രതിഫലം ആവശ്യപ്പെടില്ല." സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയാമണിയുടെ പ്രതികരണം.

ഗുഡ് വൈഫ്

അതേസമയം പ്രിയാമണിയുടെ ആദ്യ വെബ് സീരീസായ 'ഗുഡ് വൈഫ്' ഹോട്ട്സ്റ്റാറിലൂടെ ജൂണിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളിലായിരുന്നു സ്ട്രീമിങ് ഉണ്ടായിരുന്നത്. കോടതിമുറികളിലും ജീവിതത്തിലും പരീക്ഷണങ്ങളും, വലിയ മാറ്റങ്ങളും അഭിമുഖീകരിക്കുന്ന നായികയുടെ അവസ്ഥയാണ് തീവ്രമായ ഒരു ഡ്രാമയായി സീരിസില്‍ അവതരിപ്പിക്കുന്നത്. പ്രിയമണിക്കൊപ്പം സമ്പത്ത് രാജ്, ആരി അർജുനൻ, അമൃത ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. രേവതിയും സിദ്ധാർഥ് രാമസ്വാമിയും ചേർന്ന് സംവിധാനം ചെയ്ത ഈ സീരീസില്‍ ഹലിത ഷമീം, ബനിജയ് ഏഷ്യ എന്നിവർക്കൊപ്പം നിർമാണത്തിലും പങ്കാളികളാണ്.

YouTube video player