മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ നായികയായി മുംബൈ മോഡല്‍ പ്രിയങ്ക അഗര്‍വാള്‍ നായികയാകുന്നു. മേജര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പ്രിയങ്കാ അഗര്‍വാള്‍ നായികയാകുന്നത്. സിനിമയില്‍ ഒരു പാക്കിസ്ഥാന്‍ യുവതിയുടെ വേഷത്തിലായിരിക്കും പ്രിയങ്കാ അഗര്‍വാള്‍ അഭിനയിക്കുക. അരുണോദയ് അവതരിപ്പിക്കുന്ന ലഫ്റ്റനന്റ് കേണല്‍ റാണാ ഷെരീഫിന്റെ വേഷമാണ് പ്രിയങ്കാ അഗര്‍വാളിന്.

1971 ലെ ഇന്ത്യാ- പാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ. ‘1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നാണ് സിനിമയുടെ പേര്. മേജര്‍ മഹാദേവനായും പിതാവ് മേജര്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഹാദേവന്‍ എന്ന സൈനിക ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ നാലാം തവണയാണ് മേജര്‍ രവി ചിത്രത്തില്‍ കഥാപാത്രമാകുന്നത്. മേജര്‍ രവിയുടെ ആദ്യ ചിത്രം കീര്‍ത്തി ചക്രയിലും പിന്നീട് വന്ന കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ സിനിമകളിലും മോഹന്‍ലാല്‍ മഹാദേവന്റെ റോളിലായിരുന്നു. തെലുങ്കുതാരം അല്ലു അര്‍ജ്ജുന്റെ സഹോദരന്‍ അല്ലു സിരീഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.