അമേരിക്കൻ ടെലിവിഷൻ പരമ്പരയിലെ വിവാദ എപ്പിസോഡിന് ക്ഷമ ചോദിച്ച് പ്രിയങ്ക ചോപ്ര
വാഷിംഗ്ടണ്‍: അമേരിക്കൻ ടെലിവിഷൻ പരമ്പരയിലെ വിവാദ എപ്പിസോഡിന് ക്ഷമ ചോദിച്ച് പ്രിയങ്ക ചോപ്ര. ഇന്ത്യക്കാരായ ഹിന്ദു തീവ്രവാദികളെ ചിത്രീകരിക്കുന്ന പരമ്പയ്ക്കെതിരെ ജനരോഷം ശക്തമായതിന് പിന്നാലെയാണ് പ്രിയങ്കയുടെ ക്ഷമാപണം.
കുറ്റാന്വേഷണ പരമ്പരയായ ക്വാന്‍റിക്കോയിലെ ഈ എപ്പിസോഡാണ് വ്യാപക വിമർശനത്തിനിടയാക്കിയത്. മാൻഹാറ്റനിലെ തീവ്രവാദി ആക്രമണ പദ്ധതിക്ക് പിന്നിൽ ഒരു സംഘം ഇന്ത്യക്കാരാണെന്ന് സിഐഎ കണ്ടെത്തുന്ന പരമ്പരയണ് വിവാദത്തിനിടയാക്കിയത്. പാകിസ്ഥാനെ കുടുക്കാനായി ഇന്ത്യക്കാർ ആസൂത്രണം ചെയ്യുന്ന കൃത്യത്തിലെ ഗൂഢാലോചന, പ്രിയങ്ക ചോപ്രയുടെ കഥപാത്രമായ സിഐഎ ഏജന്‍റ് തുറന്ന് കാട്ടുന്നതായിരുന്നു കഥ. എന്നാൽ ഇത് ഒരു വിഭാഗക്കാരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കഥയായിരുന്നില്ലെന്ന് പ്രിയങ്ക ട്വിറ്ററിലൂടെ വിശദീകരിച്ചു. ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നനും താരം ട്വിറ്ററിൽ കുറിച്ചു.
ക്വാന്‍റിക്കോ പരമ്പര വിവാദമായതിന് പിന്നാലെ എബിസി ചാനലും ട്വിറ്ററിലൂടെ ക്ഷമാപണം നടത്തിയിരുന്നു. 2015ൽ സംപ്രേഷണം തുടങ്ങിയ ക്വാന്‍റിക്കോ, പ്രിയങ്ക ചോപ്രയുടെ സാന്നിധ്യം കൊണ്ട് ഇന്ത്യയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കൻ ടെലിവിഷനിൽ മുൻനിര വേഷം കൈകാര്യം ചെയ്യുന്ന ആദ്യ തെക്കേ ഏഷ്യക്കാരി എന്ന നേട്ടവും ഇതോടെ, പ്രിയങ്ക സ്വന്തമാക്കിയിരുന്നു.
