ദില്ലി: ബോളിവുഡില്‍ നിന്നും ഇന്ന് ഹോളിവുഡില്‍ സാന്നിധ്യമാകുകയാണ് പിസി എന്ന പ്രിയങ്ക ചോപ്ര. ക്വന്‍റിക്കോ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ അമേരിക്കയില്‍ ശ്രദ്ധേയായ പിസി, ഹോളിവുഡ് ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ വിദേശ ടെലിവിഷന്‍ പരിപാടിയില്‍ തന്‍റെ പ്രണയബന്ധത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര സംസാരിച്ചിരുന്നു. 

അതുവരെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ലാത്ത പ്രിയങ്ക പക്ഷേ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ആ പ്രണയം എന്ന് വ്യക്തമാക്കിയിരുന്നു. ഒരു ജാക്കറ്റാണ് അതിന്റെ ഏറ്റവും വലിയ അടയാളമായി കാണിച്ചത്. അന്നു മുതല്‍ ആ ജാക്കറ്റ് ഷാരുഖ് ഖാന്റേതാണെന്ന് ആരാധകര്‍ പറയുന്നു. 

'ഞാന്‍ പ്രണയം തിരഞ്ഞു നടക്കുന്ന ഒരാളല്ല. അത് നടത്തിയെടുക്കേണ്ട ഒന്നാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. ഒരുപാട് നല്ല കാര്യങ്ങള്‍ വിചാരിക്കാത്ത സമയത്ത് എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ ഞാനായിട്ട് എന്തിനാണ് മറ്റൊരു മനോഹരമായ സംഗതിയെ നശിപ്പിക്കുന്ന'തെന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഇത് ഷാരുഖിന്റെ സന്തോഷകരമായ കുടുംബത്തെ ഉദ്ദേശിച്ചാണെന്നും ആരാധകര്‍ പറയുന്നു.

ഈ ജാക്കറ്റിലാണ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ജീവിക്കുന്നത്. ഇതെന്റെ എയര്‍പോര്‍ട്ട് ജാക്കറ്റ് ആണ്. മുന്‍കാമുകന്റേതുമാണ്. കാര്യങ്ങള്‍ മാറിമറിയും പക്ഷേ ഈ ജാക്കറ്റിനെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. ഇതെന്റെ ജീവിതം തന്നെയാണ് എന്നും പ്രിയങ്ക പറഞ്ഞിരുന്നു. അദ്ദേഹത്തെ താന്‍ എംഎഫ് എന്നാണ് വിളിക്കുന്നതെന്നും താരം പറഞ്ഞു. 

എന്നാല്‍ ജാക്കറ്റ് മുന്‍പ് കണ്ടത് ഷാരൂഖിന്‍റെ കയ്യിലാണെന്ന ഗോസിപ്പാണ് ഇപ്പോള്‍ ഉയരുന്നത്. ഡോണ്‍ 2 എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് വേളയിലും പ്രചരണ വേളയിലും ഇത്തരം ഗോസിപ്പും ഉയര്‍ന്നിരുന്നു. എന്നാല്‍ വെറും ഫ്രണ്ട്ഷിപ്പ് എന്നാണ് പിസിയും കിംഗ് ഖാനും അന്ന് പറഞ്ഞത്. കുടുംബമുള്ള താരമാണ് തന്‍റെ മുന്‍ കാമുകന്‍ എന്ന് പറയുന്നതോടെ പിസിയുടെ മുന്‍കാമുകന്‍ ഖാന്‍ തന്നെ എന്നാണ് ബോളിവുഡ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.