ദില്ലി: ഫെയര്‍നെസ് ക്രീം പരസ്യത്തിൽ അഭിനയിച്ചതിൽ പശ്ചാത്തപിച്ച് ബോളിവുഡ് നായിക പ്രിയങ്ക ചോപ്ര. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക തന്റെ പശ്ചാത്താപം അറിയിച്ചത്. വെളുക്കാനുള്ള ക്രീമിന്റെ പരസ്യത്തിൽ അഭിനയിച്ചത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നുവെന്ന് താരം പറഞ്ഞു.
വെളുത്ത നിറം വർധിപ്പിക്കാൻ ക്രീം ഉപയോഗിക്കുക എന്ന് നിർദേശിച്ചതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് താൻ നൽകിയതെന്നും തന്റെ കരിയറിന്റെ തുടക്കത്തിൽ തിരിച്ചറിവില്ലാതെ ചെയ്ത ഈ തെറ്റിനെ ഓർത്ത് താൻ ഏറെ ദുഃഖിക്കുന്നുവെന്നും പ്രിയങ്ക പറഞ്ഞു. അഭിനയിക്കുമ്പോള്‍ അന്ന് അതൊരു തെറ്റാണെന്ന് തോന്നിയിരുന്നില്ല.
എന്നാൽ, ഇപ്പോൾ ആ പരസ്യങ്ങൾ കാണുമ്പോള്‍ ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നുന്നു. ചെറുപ്പത്തിൽ വെളുക്കാനുള്ള ഇത്തരം ക്രീമുകൾ താനും ഉപയോഗിച്ചിരുന്നു.
അപ്പോഴൊന്നും നിറത്തിന്റെ പേരിൽ നടക്കുന്ന വിഭാഗീയതയെ കുറിച്ച് അറിവുണ്ടായിരുന്നില്ല. കാര്യവിവരമുള്ള ഒരു വ്യക്തി എന്ന നിലയിൽ ഇനി മേലിൽ ഇത്തരം പരസ്യങ്ങളിൽ ഞാൻ അഭിനയിക്കില്ല- പ്രിയങ്ക പറഞ്ഞു.
