ഗുവഹത്തി: പ്രിയങ്ക ചോപ്രയെച്ചൊല്ലി അസം നിയമസഭയില്‍ വാക്‌പോര്. അസം ടൂറിസത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച് വീഡിയോയെ ചൊല്ലിയാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. അസമിന്റെ ടൂറിസം ബ്രാന്‍ഡ് അംബാസഡറാണ് പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ പര്‍പ്പിള്‍ പെപ്പിള്‍ പിക്‌ചേഴ്‌സുമായാണ് അസം ടൂറിസം ബോര്‍ഡിന്‍റെ കരാര്‍. 

ഇതിന്റെ ഭാഗമായി ഏവ്‌സം അസം എന്ന തലക്കെട്ടില്‍ പ്രിയങ്ക ചോപ്ര ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. ഇത് പ്രതീക്ഷിച്ച ഗുണം ചെയ്തില്ലെന്നാണ് അസമിലെ ജനപ്രതിനിധികളുടെ അഭിപ്രായം. ഇതേതുടര്‍ന്നാണ് ഭരണ പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ വാക്‌പോര് ഉണ്ടായത്. 

നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് പ്രിയങ്കയുമായി ഉണ്ടാക്കിയ കരാറിന്‍റെ വിശദാംശങ്ങള്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. രണ്ട് വര്‍ഷത്തെ കരാറാണ് ബോളിവുഡ് താരവുമായുള്ളതെന്ന് ടൂറിസം മന്ത്രി ബിശ്വ ശര്‍മ്മ വെളിപ്പെടുത്തി. എന്നാല്‍ എത്ര രൂപയാണ് പ്രിയങ്കയ്ക്ക് നല്‍കിയതെന്ന് വെളിപ്പെടുത്തിയില്ല. ഇതേച്ചൊല്ലിയായിരുന്നു വാക്കേറ്റം. 

2.37 കോടി രൂപയ്ക്ക് കമ്പനിക്ക് കരാര്‍ നല്‍കിയെന്നാണ് മന്ത്രി സഭയില്‍ പറഞ്ഞത്. പ്രിയങ്കയും സംഘവും ഗുവാഹത്തി സന്ദര്‍ശിക്കുന്നതിന് ടൂറിസം വകുപ്പ് 42 ലക്ഷം രൂപ ചെലവഴിച്ചതായും മന്ത്രി സഭയില്‍ അറിയിച്ചു.