നടി പ്രിയങ്ക മോഹന്റെ എ.ഐ നിർമ്മിത വ്യാജ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ താരം പ്രതികരിച്ചു.എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ ക്രിയേറ്റിവിറ്റിക്കായാണെന്നും, അല്ലാതെ തെറ്റിദ്ധാരണയുണ്ടാക്കനല്ലെന്നുമാണ് പ്രിയങ്ക പറയുന്നത്
എ.ഐ നിർമ്മിത ഡീപ് ഫേക്ക് വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ നിരന്തരം പ്രചരിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഇന്ന്. അതിന്റെ ഇരകളാവുന്നതിൽ സാധാരണക്കാർ മുതൽ സെലിബ്രിറ്റികൾ വരെയുണ്ട്. കുറച്ച് കാലം മുൻപ് രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇത്തരത്തിൽ പ്രചരിക്കപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. ഇപ്പോഴിതാ നടി പ്രിയങ്ക മോഹന്റെ എ.ഐ നിർമ്മിത ചിത്രങ്ങളാണ് അത്തരത്തിൽ പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പ്രിയങ്ക മോഹൻ തന്നെയാണ് ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്.
'എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചിത്രങ്ങൾ'
ബാത്ത് ടവ്വലിൽ പോസ് ചെയ്ത് മേക്കപ്പ് റൂമിലിരിയ്ക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കപ്പെട്ടത്. എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ ക്രിയേറ്റിവിറ്റിക്കായാണെന്നും, അല്ലാതെ തെറ്റിദ്ധാരണയുണ്ടാക്കനല്ലെന്നുമാണ് പ്രിയങ്ക പറയുന്നത്. "എന്നെ തെറ്റായി ചിത്രീകരിക്കുന്ന ചില എ.ഐ നിര്‍മ്മിത ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും പങ്കുവെക്കുന്നതും അവസാനിക്കണം. എഐ ഉപയോഗിക്കേണ്ടത് ധാര്‍മികമായ ക്രിയേറ്റിവിറ്റിക്കായാണ്. അല്ലാതെ തെറ്റിദ്ധാരണയുണ്ടാക്കാനല്ല. നമ്മള്‍ സൃഷ്ടിക്കുന്നതും പങ്കുവെക്കുന്നതും എന്താണെന്ന ബോധ്യമുണ്ടാകണം. നന്ദി" പ്രിയങ്ക മോഹൻ എക്‌സിൽ കുറിച്ചു.
ലീഡര്‍, ഡോക്ടര്‍, ഡോണ്‍, ക്യാപ്റ്റര്‍ മില്ലര്‍ തുടങ്ങീ ചിത്രനഗങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്ന താരമാണ് പ്രിയങ്ക മോഹൻ. ദേ കോള്‍ ഹിം ഒജി എന്ന ചിത്രമാണ് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം.



