Asianet News MalayalamAsianet News Malayalam

രണ്ടാമൂഴം ചിത്രീകരണം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്; 'പ്രീ-പ്രൊഡക്ഷന്‍ അവസാനഘട്ടത്തില്‍'

എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്.

producer declares randamoozham shooting schedule
Author
Thiruvananthapuram, First Published Jul 28, 2018, 10:20 AM IST

എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ ഭീമസേനനാവുന്ന രണ്ടാമൂഴത്തിന്‍റെ ചിത്രീകരണം പ്രഖ്യാപിച്ച് നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടി. സംവിധായകന്‍ വി.എ.ശ്രീകുമാറുമായി ദില്ലിയില്‍ വച്ച് ഒരു പ്രധാന മീറ്റിംഗ് നടന്നുവെന്നും അതുപ്രകാരം 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ബി.ആര്‍.ഷെട്ടി ട്വിറ്ററില്‍ കുറിച്ചു. രണ്ടാമൂഴം ഏഷ്യയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ആയിരിക്കുമെന്നും. 

 

ഇന്ത്യന്‍ സിനിമയിലെയും ലോകസിനിമയിലെയും ആഘോഷിക്കപ്പെട്ട നിരവധി പേരുകള്‍ മോഹന്‍ലാലിനൊപ്പം ചിത്രത്തിലുണ്ടാവും. പ്രീ-പ്രൊഡക്ഷന്‍ ജോലികളൊക്കെ അവസാനഘട്ടത്തിലാണ്. വൈകാതെ ഒരു വലിയ ചടങ്ങില്‍, ആഘോഷപൂര്‍വ്വം ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ചിംഗ് സംഘടിപ്പിക്കുമെന്നും ബി.ആര്‍.ഷെട്ടി. 

 

എം.ടി.യുടെ വിഖ്യാത നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം രണ്ട് ഭാഗങ്ങളിലായി ആയിരം കോടി രൂപ ബജറ്റിലാണ് ഒരുങ്ങുന്നത്. ആദ്യഭാഗം പുറത്തിറങ്ങി നാല് മാസത്തിന് ശേഷം രണ്ടാംഭാഗം പുറത്തെത്തുമെന്നാണ് അണിയറക്കാര്‍ നേരത്തേ അറിയിച്ചിരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളായും ചിത്രം ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. എന്നാല്‍ മോഹന്‍ലാലിനൊപ്പമെത്തുന്ന മറ്റ് താരങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അതേസമയം വി.ആര്‍.ശ്രീകുമാറിന്‍റെതന്നെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ഒടിയന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios