മമ്മൂട്ടി ചിത്രം 'കസബ'യെക്കുറിച്ച് നടി പാര്‍വ്വതി നടത്തിയ പരാമര്‍ശത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. പാര്‍വ്വതിയെ അനുകൂലിച്ചും എതിര്‍ത്തും ആരാധകര്‍ക്കിടയില്‍ മാത്രമല്ല, സിനിമാ മേഖലയിലുള്ളവര്‍ക്കിടയിലും ചേരിതിരിവുണ്ടായിരുന്നു. സോഷ്യല്‍മീഡിയയില്‍ 'ഫെമിനിച്ചി'യെന്ന് അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത സൈബര്‍ അക്രമികളെ പാര്‍വ്വതി നിയമപരമായിട്ടാണ് നേരിട്ടത്. നടിയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള കബസ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് കമന്റാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. വിഷയത്തില്‍ ജോബി ജോര്‍ജ്ജ് ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിക്കുന്നു.

പ്രിന്റോ നിരപരാധിയാണ്, തന്‍റെ മരണം വരെ പ്രിന്റോക്ക് ജോലി നല്‍കുമെന്നും കസബയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജ്

'ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ക്രൂശിക്കരുത്. നല്ല വ്യക്തിത്വവും ദൈവഭക്തിയുമുള്ള യുവാവാണ് പ്രിന്റോ എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. നന്നായി പഠിക്കുന്ന മിടുമിടുക്കനായ കുട്ടിയാണെന്നാണ് സുഹൃത്തും നാട്ടുകാരും പറയുന്നത്. ഒരു അബദ്ധം പറ്റിയാല്‍ അവനെയിട്ടിട്ട് ഓടുന്ന സ്വഭാവമാണ് മലയാളികളുടെത്. മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നിനക്ക് ദൈവികത വരുന്നതെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. തെറ്റ് ചെയ്യാതെ ഒരു ദിവസം ജയിലില്‍ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്. ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരാളോടുള്ള സഹതാപമാണ് ജോലി കൊടുക്കാം എന്ന് പറഞ്ഞത്. അദ്ദേഹം എന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വരുകയാണെങ്കില്‍ എന്തായാണെങ്കില്‍ മരണം വരെ പ്രിന്റോക്ക് ജോലി കൊടുക്കും. നമ്പര്‍ ലഭിക്കുന്ന പക്ഷം പ്രിന്റോയെ വിളിക്കുമെന്നും' ജോബി ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു.

വടക്കാഞ്ചേരി സ്വദേശി പ്രിന്റോക്ക് ജോലി വാഗ്ദാനം ചെയ്തുള്ള ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. 'മോനേ നിന്റെ നമ്പര്‍ തരികയോ, എന്റെ വീട്ടിലോ ഓഫീസിലോ വരികയോ ചെയ്താല്‍ ഇന്ത്യ, ദുബായ്, ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ ഏത് സ്ഥലത്തു വേണമെങ്കിലും തന്റെ മരണം വരെ ജോലി നല്‍കാം' എന്ന ജോബി ജോര്‍ജിന്റെ ഫേസ്ബുക്ക് കമന്റാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമം നടക്കുന്നതായും മോശമായ ഭാഷയില്‍ അധിക്ഷേപിച്ചെന്നുമാണ് പാര്‍വ്വതിയുടെ പരാതി പരാതിയിലാണ് വടക്കാഞ്ചേരി സ്വദേശി സി.എല്‍. പ്രിന്റോ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. പ്രിന്റോയെ പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയുണ്ടായി. ഇതേ പരാതിയില്‍, കോളേജ് വിദ്യാര്‍ഥിയും കൊല്ലം ചാത്തന്നൂര്‍ സ്വദേശിയുമായ റോജന്‍ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വ്വതിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി റോജന്‍ സന്ദേശം അയച്ചിരുന്നു.

ഐഎഫ്എഫ്‌കെ വേദിയില്‍, സിനിമകളിലെ സ്ത്രീവിരുദ്ധയെ വിമര്‍ശത്തിന്‍റെ പേരിലാണ് പാര്‍വ്വതിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടിവന്നത്. ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ തന്നെ വേദനിപ്പിച്ചെന്നും, ഇത്തരം നായകത്വം നമുക്ക് വേണ്ടെന്നുമാണ് പാര്‍വ്വതി പറഞ്ഞത്.'നിര്‍ഭാഗ്യവശാല്‍ ആ പടം കാണേണ്ടി വന്നു, അതൊരു സിനിമയാണെന്നു പോലും ഞാന്‍ പറയുന്നില്ല' എന്നതായിരുന്നു പാര്‍വ്വതിയുടെ പരാമര്‍ശം. ആദ്യം സിനിമയുടെ പേര് പറഞ്ഞില്ലെങ്കിലും പിന്നീട് ഒപ്പമുണ്ടായിരുന്ന നടി ഗീതു മോഹന്‍ദാസിന്റെ നിര്‍ബന്ധ പ്രകാരം സിനിമയുടെ പേര് പറയുകയായിരുന്നു. പാര്‍വ്വതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമ മേഖലയില്‍ നിന്ന് തന്നെയുള്ള നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

പാര്‍വതിയുടെ കസബ പരാമര്‍ശം വിവാദമായതിന് പിന്നാലെ പാര്‍വ്വതിയെയും ഗീതു മോഹന്‍ദാസിനെയും അഭിസംബോധനചെയ്തുകൊണ്ട് ജോബി ജോര്‍ജ്ജ് ഫേസ്ബുക്കിലിട്ട കുറിപ്പും ഏറെ ചര്‍ച്ചയായിരുന്നു. 'ഗീതു ആന്റിയും ,പാര്‍വ്വതി ആന്റിയും അറിയാന്‍ കസബ നിറഞ്ഞ സദസില്‍ ആന്റിമാരുടെ ബര്‍ത്‌ഡേ തീയതി പറയാമെങ്കില്‍ എന്റെ ബര്‍ത്‌ഡേ സമ്മാനമായി പ്രദര്‍ശിപ്പിക്കുന്നതായിരിക്കും' എന്നായിരുന്നു അന്ന് ജോബി കുറിച്ചത്. ഇതിന് പിന്നാലെയാണ് പ്രിന്റോയ്ക്ക് പിന്തുണയുമായി ജോബി രംഗത്തെത്തിയിരിക്കുന്നത്.