സിനിമാ സ്റ്റുഡിയോകള്‍ വേശ്യാലയങ്ങളാക്കി; നിര്‍മ്മാതാവിന്‍റെ മകനെതിരെ നടി

First Published 10, Apr 2018, 12:29 PM IST
producers and actors using studios as brothels says sri reddy
Highlights
  • നിരവധി സിനിമാക്കാര്‍ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെട്ടു
  • ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും അവസരം നല്‍കിയില്ല
  • പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി

ഹൈദരാബാദ്: കാസ്റ്റിംഗ് കൗച്ചിനെതിരെ പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി പ്രതിഷേധിച്ചതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി ശ്രീ റെഡ്ഡി. ഒരു നിര്‍മ്മാതാവിന്‍റെ മകന്‍ തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നാണ് ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തല്‍. വ്യക്തിയുടെ പേര് പരമാര്‍ശിക്കാതെയാണ് ആരോപണം. അയാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്ന് ശ്രീ വ്യക്തമാക്കി.  

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീ തുറന്നടിച്ചത്. ഒരു സര്‍ക്കാര്‍ സ്റ്റുഡിയോയില്‍ വച്ചാണ് അയാള്‍ തന്നോട് അക്കാര്യം ആവശ്യപ്പെട്ടത്. ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളുടെ മകനാണ് താനുമായി നിര്‍ബന്ധപൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. സിനിമയിലുളളവര്‍ സ്റ്റുഡിയോയെ വേശ്യാലയമാക്കിയെന്നു ശ്രീ റെഡ്ഡി.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലോടെ ആരാണ് ഈ വ്യക്തി എന്നാണ് ടോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച. നോര്‍ത്ത് ഇന്ത്യയില്‍നിന്നുള്ള നടിമാര്‍ക്കാണ് ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. അവര്‍ എന്തിനും തയ്യാറാണ് എന്നതാണ് ഇതിന് പിന്നില്‍. എന്നാല്‍ തെലുങ്ക് പെണ്‍കുട്ടികള്‍ അത്തരം പ്രവര്‍ത്തികള്‍ക്ക് തയ്യാറല്ല, അതാണ് കഴിഞ്ഞ 10 - 15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ പറഞ്ഞു. 

നിരവധി സിനിമാ പ്രവര്‍ത്തകര്‍ നഗ്ന ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചിത്രങ്ങള്‍ അയച്ചുകൊടുത്തിട്ടും തനിക്ക് സിനിമകളില്‍ അവസരം നല്‍കിയില്ലെന്നും ശ്രീ റെഡ്ഡി വ്യക്തമാക്കി. നേരത്തേയും ടോളിവുഡിലെ മുൻനിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തിയിരുന്നു.

ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഡി പറഞ്ഞിരുന്നു.  തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രി റെഡ്ഡി ആരോപിച്ചിരുന്നു. ശ്രി റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകൻ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

loader