തിരുവനന്തപുരം: മൂന്ന് സിനിമകളുടെ നിര്‍മ്മാതാക്കളുമായി നിലനില്‍ക്കുന്ന തര്‍ക്കത്തെ തുടര്‍ന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ നിന്നും വിലക്ക് നേരിടുന്ന യുവനടന്‍ ഷെയ്ന്‍ നിഗത്തെ അന്യഭാഷകളിലും വിലക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. കത്ത് കൈമാറിയെന്ന് ഫിലിം ചേംബർ സെക്രട്ടറി സാഗ അപ്പച്ചൻ സ്ഥിരീകരിച്ചു. 

വിവാദങ്ങള്‍ക്ക് പിന്നാലെ അജ്മീറിലേക്ക് പോയ ഷെയ്ന്‍ നിഗം കൊച്ചിയില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് താരസംഘടനയായ അമ്മ മുന്‍കൈയെടുത്ത് തുടക്കമിട്ടിരുന്നു. എന്നാല്‍ തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളക്കിടെ മാധ്യമങ്ങളെ കണ്ട ഷെയ്ന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അമ്മയേയും നിര്‍മ്മാതാക്കളേയും തുടര്‍ചര്‍ച്ചകളില്‍ നിന്നും പിന്നോക്കം വലിച്ചിരിക്കുകയാണ്.