സിനിമയ്ക്കും ഫാഷനും പുറമേ, പ്രതിഷേധങ്ങൾക്കും വേദിയായി കാൻ ചലച്ചിത്ര മേള

സിനിമയ്ക്കും ഫാഷനും പുറമേ, പ്രതിഷേധങ്ങൾക്കും വേദിയായി കാൻ ചലച്ചിത്ര മേള. വനിത ചലച്ചിത്ര പ്രവർത്തകരുടെ റെഡ് കാർപ്പറ്റ് മാർച്ചിന് പിന്നാലെ, ചെരുപ്പ് ഊരി കയ്യിൽ പിടിച്ചായിരുന്നു ഹോളിവുഡ് നടി ക്രിസ്റ്റർ സ്റ്റീവാർട്ട് മേളയ്ക്കെത്തിയത്.

കാൻ മേളയിലെ സ്ത്രീ പ്രാതിനിധ്യം കുറയുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു 82 വനിത ചലച്ചിത്ര പ്രവർത്തകർ കഴിഞ്ഞ ദിവസം റെഡ് കാർപ്പെറ്റിൽ കൈകോർത്ത് നടന്ന് പ്രതിഷേധിച്ചത്. ഇതിൽ പങ്കെടുത്ത ശേഷമാണ് ഹോളിവുഡ് നടിയും സംവിധായികയുമായ ക്രിസ്റ്റൻ സ്റ്റുവർട്ട് തിങ്കളാഴ്ച മറ്റൊരു വിഷയത്തിലെ എതിർപ്പ് പരസ്യമായി അറിയിച്ചത്. ഗാല പ്രീമിയറിനെത്തുന്ന സ്ത്രീകൾ ഹൈ ഹീൽസ് ധരിക്കണമെന്നാണ് ചട്ടം. അങ്ങനെയൊരു നിബന്ധ അടിച്ചേൽപ്പിക്കരുതെന്ന് വ്യക്തമാക്കിയ ക്രിസ്റ്റൺ, റെഡ് കാർപ്പെറ്റിലെ പടി കയറുന്നതിന് തൊട്ട് മുൻപ് ചെരുപ്പ് ഊരി കയ്യിൽ പിടിച്ചു.

ബോളിവുഡിന്‍റെ താരസുന്ദരിമാർ ഇത്തവണയും പതിവ് തെറ്റിച്ചില്ല. അതിമനോഹരവും വേറിട്ടതുമായ ഫാഷൻ സ്റ്റേറ്റ്മെന്‍റുമായി താരങ്ങൾ തിളങ്ങി. ആദ്യ ദിവസങ്ങളിൽ കങ്കണ റണൗത്തും, ദീപികയുമായിരുന്നു താരങ്ങളെങ്കിൽ, മൂന്നാം ദിവസം, ചടങ്ങിലെ മുഖ്യ ആകർഷണമായി ഐശ്വര്യ റായി ബച്ചൻ ഫ്രെഞ്ച് റിവേറയിലെത്തി.വിവാഹ ശേഷം , ചലച്ചിത്ര മേളയ്ക്കെത്തിയ സോനം കപൂറും മുൻ വർഷങ്ങളിലെ പോലെ ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി. ശനിയാഴ്ചയാണ് കാൻ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീല വീഴുന്നത്.