കൊച്ചി: മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകന്‍ ഒക്‌ടോബര്‍ ഏഴിന് തീയറ്ററുകളില്‍ എത്തും. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് സംവിധായകന്‍ വൈശാഖ് തന്നെയാണ് റിലീസ് തീയതി വെളിപ്പെടുത്തിയത്. ചിത്രം പ്രതിസന്ധിയിലാണെന്ന വാര്‍ത്തകള്‍ സംവിധായകന്‍ തള്ളിക്കളഞ്ഞു.
ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യുമെന്നും പിന്നീട് ഓണം റിലീസ് ആണെന്നുമുള്ള തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സംവിധായകന്‍ പറഞ്ഞു. മലയാളത്തിലെ ഏറ്റവുമധികം മുതല്‍ മുടക്കുള്ള ചിത്രമെന്ന ഖ്യാതിയോടെയാണ് പുലിമുരുകന്‍ തീയറ്ററുകളിലെത്തുന്നത്.
കാടിനോട് പടവെട്ടി ജീവിക്കുന്ന മുരുകന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. ബോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.
