ദൈനംദിന ആവശ്യങ്ങള്‍ക്കുപോലും പണം കൈയിലില്ലാത്ത അവസ്ഥയില്‍ ജനം സിനിമകാണല്‍ ഉപേക്ഷിക്കുകയാണ്. ഉയര്‍ന്ന നോട്ടുകള്‍ പിന്‍വലിച്ചതിന് തൊട്ടുതലേദിവസം വരെ 'പുലിമുരുകന്' കേരളത്തിലെമ്പാടും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ അപ്രതീക്ഷിത പ്രഖ്യാപനത്തോടെ തീയേറ്ററിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഭീമമായ ഇടിവുണ്ടായി.
60-70 ശതമാനം കുറവാണ് പ്രേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. 100 കോടിക്ക് ശേഷവും ഹൗസ്ഫുള്‍ പ്രദര്‍ശനങ്ങള്‍ തുടര്‍ന്നിരുന്നതിനാല്‍ ചിത്രം 150 കോടിയിലേക്ക് പോലും അന്തിമകളക്ഷനില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ കൈയാലപ്പുറത്താണ്.
150 കോടി എന്ന സ്വപ്‌നം പുലിമുരുകന് ഇനി സാധ്യമാവുമെന്ന് തോന്നുന്നില്ലെന്ന് പറയുന്നു തീയേറ്റര്‍ ഉടമയും ഫിലിം എക്‌സിബിറ്റേഴ്‌സ് പ്രസിഡന്റുമായ ലിബര്‍ട്ടി ബഷീര്‍. എന്നാല്‍ ഒരാഴ്ചയ്ക്കകം പ്രതിസന്ധി പരിഹരിക്കപ്പെട്ടാല്‍ ജനം തീയേറ്ററിലേക്ക് വീണ്ടും എത്തിയേക്കുമെന്ന് പ്രതീക്ഷ പുലര്‍ത്തുന്നു സംവിധായകനും തീയേറ്റര്‍ ഉടമയും ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി.ഉണ്ണികൃഷ്ണന്‍.
