മലയാളത്തിലെ ഇതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിക്കുറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ ചിത്രം പുലിമുരുഗന്‍. ചിത്രത്തിന്റെ നിര്‍മാതാക്കളായ മുളകുപാടം ഫിലിംസാണ് ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്. മൂന്ന് ദിവസം കൊണ്ട് 12,91,71,736 രൂപയാണ് പുലിമുരുഗന്‍ വാരിക്കൂട്ടിയത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹമതിയും ഏറ്റവും വേഗത്തില്‍ 10 കോടി പിന്നിട്ട ചിത്രമെന്ന ബഹുമതിയും ഇതോടെ പുലിമുരുഗന് സ്വന്തമായി. 325 തിയറ്ററുകളിലാണ് പുലിമുരുഗന്‍ റിലീസ് ചെയ്തത്. ഇതില്‍ കേരളത്തിലെ 160 റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് മാത്രമായാണ് 12,91,71,736 രൂപ കളക്ഷന്‍ നേടിയത്.

റിലീസ് ദിവസം Rs.4,05,87,933 രണ്ടാം ദിനം- Rs.4,02,80,666, മൂന്നാം ദിനം Rs.4,83,03,147 എന്നിങ്ങനെയാണ് കണക്ക്.കേരളത്തില്‍ നിന്ന് ഏറ്റവും ഉയര്‍ന്ന ഇനീഷ്യല്‍ നേടിയ ചിത്രം രജനീകാന്തിന്റെ കബാലിയാണ്. ഇനീഷ്യലിലിന്റെ കാര്യത്തില്‍ കബാലിക്ക് തൊട്ടുപിന്നിലായാണ് പുലിമുരുഗന്‍ നിലയുറപ്പിച്ചിരിക്കുന്നത്. പൂജാ അവധി ഉള്‍പ്പെടെ തുടര്‍ച്ചയായി ലഭിക്കുന്ന അവധി ദിവസങ്ങളും വരും ദിവസങ്ങളിലെ കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് നിര്‍മാതാക്കളുടെ പ്രതീക്ഷ.

നൂറ് കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള ചിത്രമായി പുലിമുരുഗന്‍ മാറുമെന്നാണ് ചലച്ചിത്ര ലോകത്തിന്റെ പൊതുവെയുള്ള വിലയിരുത്തല്‍. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിനാണ് മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ മലയാള സിനിമയെന്ന റെക്കോര്‍ഡ്.