കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടില്ലെന്ന് കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍. അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനില്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. നേരത്തെ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ടെന്ന് സുനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനില്‍കുമാര്‍, മാര്‍ട്ടിന്‍, വിജേഷ്, വടിവാള്‍ സലിം തുടങ്ങിയ പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സുനില്‍കുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെടും. കോടതിയോട് മാത്രമായി സുനിയ്‌ക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നാകും അഭിഭാഷകന്‍ ആവശ്യപ്പെടുക.

നേരത്തെ പള്‍സര്‍ സുനിയെ നേരത്തെ മുതല്‍ അറിയാമെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് പള്‍സര്‍ സുനിയെ വിളിച്ചത്. പള്‍സര്‍ സുനിയെ വിളിച്ച് സംസാരിക്കുമ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നെന്നും അപ്പുണ്ണി മൊഴി നല്‍കിയിട്ടുണ്ട്.