ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർഹിറ്റ് ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം എത്തുന്നു. ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പങ്കുവച്ചത്. തിരക്കഥ പൂർത്തിയായ സിനിമയുടെ ഷൂട്ടിങ് ഉടൻ തുടങ്ങാനാണ് പദ്ധതി.
പല തവണ പുണ്യാളന്‍റെ സെക്കന്‍ഡ് പാർട്ടിനെക്കുറിച്ച് രഞ്ജിത്തും താനും കൂടി ആലോചിച്ചതാണെന്നും പക്ഷെ പുണ്യാളൻ അഗർബത്തീസിന്റെ മുകളിൽ നിൽക്കുന്ന ഒരു കഥ വര്‍ക്ക് ഔട്ട് ആയി വന്നത് ഇപ്പോഴാണെന്നും അങ്ങനെ ഞങ്ങൾ വീണ്ടും ഒന്നിക്കുകയാണെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമായ ജോയ് താക്കോൽക്കാരൻ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് എത്തുകയാണെന്നും ഇത്തവണയും പുണ്യാളൻ കൈവിടില്ല എന്ന വിശ്വാസത്തോടെ ഉടൻ ഞങ്ങൾ എത്തുമെന്നും പറഞ്ഞാണ് ജയസൂര്യ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ നാല് വര്‍ഷമായി ഈ ഒരു പ്രോജ്ക്ടിനെക്കുറിച്ച് നിരന്തരം ആലോചിക്കുന്നുണ്ടായിരുന്നെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കർ പറയുന്നു. ആളുകളുടെ എല്ലാ പ്രതീക്ഷകളും നിലനിർത്തുന്ന തിരക്കഥയാണ് പുതിയ പ്രോജട്കിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര് തന്നെയായിരിക്കും പ്രധാനലൊക്കേഷൻ. മറ്റുതാരങ്ങളെയോ അണിയറപ്രവർത്തകരെയോ തീരുമാനിച്ചിട്ടില്ല.
രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും ചെയ്തു 2013ൽ പുറത്തിറങ്ങിയ പുണ്യാളൻ അഗർബത്തീസ് നിർമിച്ചത് ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേർന്നായിരുന്നു. ജയസൂര്യയ്ക്ക ഒപ്പം നൈലമ, ഉഷ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി. തുടര്‍ന്ന് സുസു സുധി വാത്മീകം, പ്രേതം എന്നീ ചിത്രങ്ങളില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ഒരുമിച്ചിരുന്നു.
