സംവിധാനം റെമോ ഡിസൂസ
ബോളിവുഡ് നിര്‍മ്മാതാക്കള്‍ക്ക് ഇന്ന് കണ്ണടച്ച് പണമിറക്കാവുന്ന മറ്റൊരു താരമില്ല, സല്‍മാന്‍ ഖാനെപ്പോലെ. നഗരങ്ങളില്‍ മള്‍ട്ടിപ്ലെക്‍സുകളുടെ കടന്നുവരവോടെ മറ്റൊരു അഭിരുചിയിലുള്ള സിനിമകളും അവയുടെ ബോക്‍സ്ഓഫീസ് വിജയവുമൊക്കെ സംഭവിച്ചെങ്കിലും ഗ്രാമ, നഗര ഭേദമന്യെ ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളില്‍ സല്‍മാന്‍ ഇന്നും എതിരില്ലാതെ നില്‍ക്കുന്നു. സിനിമ തീരെ മോശം അഭിപ്രായം നേടിയാല്‍ മാത്രമാണ് അദ്ദേഹം നായകനാവുന്ന സിനിമകള്‍ വേണ്ടത്ര കളക്ട് ചെയ്യാതെ പോവുക. അപ്പൊഴും ലാഭവിഹിതത്തില്‍ കുറവ് സംഭവിക്കുമെന്നല്ലാതെ അവ നഷ്ടമുണ്ടാക്കാറില്ല, പൊതുവെ. സല്‍മാന്‍റെ ഏറ്റവും പുതിയ ചിത്രം റേസ് 3 അത്തരത്തില്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമാണ്. റിലീസിംഗ് ദിനം മുതല്‍ പ്രമുഖ നിരൂപകരുടെ ഭാഗത്തുനിന്നടക്കം അത്തരത്തിലുള്ള അഭിപ്രായം വന്നു. ഇന്ത്യന്‍ ബോക്‍സ്ഓഫീസിന്‍റെ പ്രധാന ബിസിനസ് സീസണുകളിലൊന്നായ പെരുന്നാള്‍ ലക്ഷ്യമാക്കിയെത്തിയ റേസ് 3 യുടെ തീയേറ്റര്‍ പ്രകടനം എന്താണ്? മോശം മൗത്ത് പബ്ലിസിറ്റി അതിനെ എത്തരത്തില്‍ ബാധിച്ചു? കളക്ഷന്‍ റിപ്പോര്‍ട്ട്..

പ്രതീക്ഷിച്ച കളക്ഷന്‍ നേടാനായില്ലെങ്കിലും ചിത്രം ബോക്‍സ്ഓഫീസില്‍ വലിയ പരാജയമൊന്നും നേരിടുന്നില്ലെന്നാണ് ആദ്യ രണ്ട് ദിനങ്ങളിലെ കളക്ഷനില്‍ നിന്ന് മനസിലാക്കാനാവുന്നത്. അടുത്തകാലത്തെ സല്‍മാന്‍റെ ഏറ്റവും വലിയ ഹിറ്റൊന്നും ആയില്ലെങ്കിലും. റിലീസ് ദിനമായ വെള്ളിയാഴ്ച 29.17 കോടിയായിരുന്നു ചിത്രത്തിന്‍റെ ഓപണിംഗ്. നെഗറ്റീവ് അഭിപ്രായങ്ങള്‍ വന്നുവെങ്കിലും ശനിയാഴ്ചത്തെ കളക്ഷന്‍ വീണ്ടുമുയര്‍ന്നു. 38.14 കോടിയാണ് ചിത്രം രണ്ടാംദിനം വാരിയത്. രണ്ട് ദിനങ്ങളില്‍ നേടിയത് ആകെ 67.31 കോടി.
ഞായറാഴ്ചത്തെ കളക്ഷന്‍ ഇനിയും പുറത്തെത്തിയിട്ടില്ല. ആദ്യ മൂന്ന് ദിനങ്ങളില്‍ റേസ് 3 100 കോടി പിടിക്കുമോ എന്നാണ് ഇന്‍റസ്ട്രിയുടെ നോട്ടം. അടുത്തകാലത്ത് സല്‍മാന്‍ ചിത്രങ്ങളുടെ ഒരു സാധാരണ നേട്ടം മാത്രമാണത്. ബജ്‍റംഗി ഭായ്‍ജാന്‍, സുല്‍ത്താന്‍, ടൈഗര്‍ സിന്ദാ ഹെ എന്നീ ചിത്രങ്ങള്‍ ആദ്യ മൂന്ന് ദിനങ്ങളില്‍ 100 കോടി നേടിയ സിനിമകളാണ്. ടൈഗര്‍ സിന്ദാ ഹെ 115 കോടിയും സുല്‍ത്താന്‍ 106 കോടിയും നേടി ആദ്യ മൂന്ന് ദിനങ്ങളില്‍. ഭായ്‍ജാന്‍ 103 കോടി രൂപയും.
