ഒരു രജനിചിത്രത്തിന് ഇത്തരമൊരു തണുത്ത മുന്നൊരുക്കം ഇതാദ്യമെന്ന് തീയേറ്റർ ഉടമകളും സാക്ഷ്യപ്പെടുത്തുന്നു.

ചെന്നൈ:രജനീകാന്തിന്‍റെ ബ്രഹാമണ്ഡചിത്രം കാലാ നാളെ റിലീസ് ചെയ്യാനിരിക്കെ പതിവ്പോലെ ആരവങ്ങളും ആഘോഷങ്ങളും ചെന്നൈയില്‍ കാണാനാവുന്നില്ല. രജനിയുടെ തൂത്തുക്കുടി പരാമർശം സിനിമക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് തമിഴ്സിനിമാലോകം ഇപ്പോള്‍. കന്നടസംഘടനകളുടെ പ്രതിഷേധം കാരണം ചിത്രം കർണാടകയില്‍ റിലീസ് ചെയ്യുന്നുമില്ല

കാലാ റിലീസ് ചെയ്യാൻ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും തീയേറ്റുകള്‍ക്ക് മുൻപില്‍ പതിവ് ആരവങ്ങളും ബഹളങ്ങളുമില്ല. ഒരു രജനിചിത്രത്തിന് ഇത്തരമൊരു തണുത്ത മുന്നൊരുക്കം ഇതാദ്യമെന്ന് തീയേറ്റർ ഉടമകളും സാക്ഷ്യപ്പെടുത്തുന്നു. സാധാരണ റിലീസിന് മുൻപേ ഒരാഴ്ച വരെയുള്ള ടിക്കറ്റുകള്‍ ബുക്കിംഗ് ആവാറുള്ളതാണ്. പക്ഷെ ഇത്തവണ അതുമില്ല. കബാലി റിലീസ് ചെയ്യുന്പോള്‍ ഇങ്ങനെ ആയിരുന്നില്ല സാഹചര്യമെന്നും തീയേറ്റർ ഉടമകള്‍ പറയുന്നു

രജനിയുടെ രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമാണ് കാലാ.ചിത്രത്തിന്‍റെ ട്രെയിലറും ടീസറും ഡയലോഗുകളും തരംഗമാവുകയും ചെയ്തു. പക്ഷെ രജനിയുടെ തൂത്തുക്കുടി സന്ദർശനവും ശേഷമുള്ള വാർത്താസമ്മേളനവും സാഹചര്യങ്ങള്‍ മാറ്റി. കാവേരി പ്രശ്നത്തില്‍ രജനി നടത്തിയ പ്രസ്താവനയില്‍ പ്രതിഷേധിച്ച് കാലാ കർണാടകയില്‍ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് ഫിംലിം ചേംബര്‍ ഓഫ് കോമേഴ്സ്.

രജനീകാന്ത് ക്ഷമ പറഞ്ഞാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കന്നട സംഘടനകളും വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു. കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയില്‍ കാലയല്ല കാവേരിയാണ് മുഖ്യവിഷയമെന്ന് പറഞ്ഞ കമല്‍ഹാസന്‍റെ രാഷ്ട്രീയനീക്കങ്ങളും ഈ ഘട്ടത്തില്‍ ശ്രദ്ധേയമായിരുന്നു.

സുപ്രീംകോടതി നിർദേശമനുസരിച്ച് തമിഴ്നാടിന് കർണാടകം വെള്ളം അനുവദിക്കണമെന്നായിരുന്നു രജനിയുടെ പ്രസ്താവന. അതേസമയം കർണാടകയിലെ രജനി ആരാധകർക്ക് ചിത്രം കാണാൻ സൗകര്യമൊരുക്കുമെന്ന് രജനീ ഫാൻസ് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്