രാഷ്‌ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ്‌ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനികാന്തിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും സ്വാമി പറഞ്ഞു. രജനികാന്തിന് നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ പങ്കുണ്ടെന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണം. താന്‍ ഒരു തവണ പറഞ്ഞാല്‍ അത് നൂറു തവണ പറഞ്ഞപോലെയാണെന്ന രജനികാന്തിന്റെ തന്നെ പ്രധാന ഡയലോഗ് കടമെടുത്തുകൊണ്ട് ഇക്കാര്യം ആവര്‍ത്തിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഇതേ പ്രശ്‌നങ്ങളുള്ളതുകൊണ്ട് രാഷ്‌ട്രീയത്തിലേക്ക് വരരുതെന്ന ഉപദേശമാണ് തനിക്ക് രജനികാന്തിന് നല്‍കാനുള്ളതെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. ഇന്ത്യടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം പറഞ്ഞത്.