ചെന്നൈ: ലൈംഗികാരോപണം നേരിടുന്ന വൈരമുത്തുവിനെ പിന്തുണച്ച് നടന്‍ രജനികാന്ത്. വൈരമുത്തുവിനെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. എന്ത് നിയമനടപടിയ്ക്കും തയ്യാറാണെന്നും അറിയിച്ചിട്ടുമുണ്ടെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടുള്ള നടന്‍റെ മറുപടി.

പ്രത്യക്ഷമായി തന്നെ വൈരമുത്തുവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് രജനികാന്ത് സ്വീകരിച്ചത്. ഒപ്പം മീറ്റൂ ക്യാമ്പയിന്‍ എല്ലാ വിധ പിന്തുണയുമുണ്ട് എന്നാല്‍ ഈ അവസരം സ്ത്രീകള്‍ ദുരുപയോഗം ചെയ്യരുത് എന്നും രജനികാന്ത് വ്യക്തമാക്കി. തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ശേഷം വാരണസ്സിയില്‍നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതായരുന്നു രജനികാന്ത്. 

സ്വിറ്റ്സർലാൻഡിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ വൈരമുത്തു തന്നോട് സഹകരിക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു ഗായിക ചിൻമയി ശ്രീപദിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ ആരോപണങ്ങൾ  വൈരമുത്തു നിഷേധിക്കുകയായിരുന്നു. വൈരമുത്തുവിന്റെ മറുപടി കള്ളമാണെന്നാണ് പ്രതികരണത്തോട് ചിന്മയിയും തുറന്നടിച്ചിരുന്നു.

തനിക്കെതിരെ ആരോപണം ഉന്നയിച്ചവർ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് വൈരമുത്തു ആവശ്യപ്പെട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയാല്‍ കോടതിയില്‍ സത്യം തെളിയുമെന്നും ആരോപണങ്ങള്‍ പൊളിയുമെന്നും വൈരമുത്തു പറഞ്ഞു. അതുകൊണ്ട് ആരോപണം ആവര്‍ത്തിക്കാതെ നിയമവഴി സ്വീകരിക്കാന്‍ മടിക്കരുതെന്നാണ് മീ ടൂ വിവാദങ്ങളില്‍ വന്ന വെളിപ്പെടുത്തലുകളോട് ഒടുവില്‍ വൈരമുത്തു പ്രതികരിച്ചത്. 

ചിന്മയിക്ക് പിന്നാലെ  വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണവുമായി ഗായികയും ഫോട്ടോഗ്രാഫറുമായ സിന്ധുജ രാജാറാമും രംഗത്തെത്തിയിരുന്നു. തന്നോട് മോശമായി സംസാരിച്ചുവെന്നായിരുന്നു സിന്ധുജയുടെ വെളിപ്പെടുത്തല്‍. ആദ്യമാദ്യം ജോലി സംബന്ധായ കാര്യങ്ങള്‍ ചോദിക്കുമായിരുന്നു. പിന്നീട് കാണണമെന്ന് പറയാന്‍ തുടങ്ങി. പിന്നെ തന്നോട് പ്രണയമാണെന്ന് ആയി. തന്നെ കുറിച്ച് കവിത എഴുതിയിട്ടുണ്ടെന്ന് വരെ പറഞ്ഞുവെന്നും സിന്ധുജ ആരോപിച്ചു. 

ഹോളിവുഡില്‍ മീ ടൂ ക്യാമ്പയിന്‍ തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ബോളിവുഡില്‍നിന്ന് വീണ്ടും ആരോപണങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയത്. ഇതിന്‍റെ ചുവടുപിടിച്ച് കോളിവുഡിലും മലയാളത്തിലും മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നത് വിവാദമാവുകയാണ്.