ദില്ലി: പദ്മാവതി ചിത്രത്തിൽ രജപുത്ര സംസ്കാരത്തെ വികലമാക്കുന്ന രീതിയിൽ ഒന്നുമില്ലെന്ന് സംവിധായകൻ സഞ്ജയ് ലീല ബൻസാലി. ചിത്രത്തെ ചൊല്ലി പ്രതിഷേധങ്ങൾ തുടരുന്നതിനിടെ ദില്ലിയിൽ പാർലമെന്‍റ് സമിതിക്ക് മുന്‍പാകെ ബന്‍സാലി വിശദീകരണം നല്‍കി. സിനിമ കാണാതെയുള്ള വിവാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് സമിതിയിലെ സിപിഎം, തൃണമൂൽ കോൺഗ്രസ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
ബോളിവുഡ് ചിത്രം പത്മാവതിക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ വാർത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള പാർലമെന്‍ററി സമിതി വിളിച്ചുവരുത്തിയത്. പ്രതിഷേധക്കാർ ആരോപിക്കും പോലെ തന്‍റെ ചിത്രം രജപുത്ര സംസ്കാരത്തെ വികലമാക്കുന്നില്ല.
ചില ദേശീയ മാധ്യമങ്ങളാണ് തെറ്റായ വാർത്തകളിലൂടെ വിവാദങ്ങൾക്ക് തുടക്കമിട്ടതെന്ന് അദ്ദേഹം പറഞ്ഞു. അപേക്ഷ നൽകി 68 ദിവസത്തിനുള്ളിൽ പ്രദർശനാനുമതി നൽകിയാൽ മതിയെന്ന് നിയമമുള്ളപ്പോൾ പത്മാവതിക്ക് മാത്രം സെൻസർ ബോർഡിന് എങ്ങനെ നേരത്തെ അനുമതി നൽകാനാകുമെന്ന് സമിതി അധ്യക്ഷനായ അനുരാഗ് താക്കൂര്‍ ബൻസാലിയോട് ചോദിച്ചു.
ഇതേ നിലപാടായിരുന്നു സമിതിക്ക് മുന്നിൽ ഹാജരായ സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷിയും സ്വീകരിച്ചത്. അതേസമയം, ചിത്രം കാണാതെയുള്ള വിവാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത സിപിഎം, തൃണമൂൽ അംഗങ്ങൾ അഭിപ്രായപ്പെട്ടു. പാർലമെന്‍ററി സമിതിയിൽ ഭൂരിപക്ഷവും ചിത്രത്തെ എതിർക്കുന്ന ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളാണ്. വരുന്ന പാർലമെന്‍റ് സമ്മേളനത്തിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി സമർപ്പിക്കും.
