'സന്ദേശം' പോലെ ഒരു സിനിമ ചെയ്യാൻ ശ്രീനിവാസനും താനും ആലോചിച്ചിരുന്നതായി സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്റെ മരണത്തോടെ ആ സിനിമ ഇനി നടക്കില്ലെന്നും ശ്രീനിവാസൻ ഇല്ലാതെ അത്തരം സിനിമകൾ ചെയ്യാനുള്ള ധൈര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലയാള സിനിമയ്ക്കും കേരളക്കരയ്ക്കും തീരാവേദന സമ്മാനിച്ചാണ് പ്രിയ നടൻ ശ്രീനിവാസൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പേരാണ് അദ്ദേഹത്തെ ഒരുനോക്ക് കാണാനായി എത്തിയതും കണ്ണീർ പൊഴിച്ചതും. ഇനിയും ചെയ്യാനേറെ ബാക്കി വച്ച് മലയാളത്തിന്റെ ശ്രീനി വിട പറയുമ്പോൾ അദ്ദേഹത്തിന്റെ പ്രിയ സുഹൃത്ത് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. സന്ദേശം പോലൊരു സിനിമ ചെയ്യാൻ ശ്രീനിവാസനും താനും ആലോചിച്ചിരുന്നുവെന്നും അതിനി ഒരിക്കലും നടക്കില്ലെന്നും അനുസ്മരണ സന്ദേശത്തിൽ സത്യൻ അന്തിക്കാട് പറഞ്ഞു.
"സന്ദേശം പോലൊരു സിനിമ ചെയ്യണമെന്ന് ഒരുപാട് ആളുകൾ പറയുമായിരുന്നു. ഞാനും ശ്രീനിയും അതിനെപറ്റി ചിന്തിച്ചിരുന്നു. സന്ദേശം ഇറങ്ങിയ സമയത്തുള്ളൊരു സാമൂഹ്യ അന്തരീക്ഷമല്ല ഇന്ന്. ആ രീതിയിൽ സിനിമയിലെ ഹ്യൂമർ ആളുകൾ എടുക്കുമോ എന്ന കാര്യമറിയില്ല. ഒരു നിഷ്കളങ്കനായ വ്യക്തി ഇന്നത്തെ സമൂഹത്തെ കാണുന്ന കാഴ്ച സിനിമയാക്കണം എന്ന് ഞങ്ങൾ ആലോചിച്ചിരുന്നു. അതിലെ കേന്ദ്രകഥാപാത്രം മോഹൻലാലിനെ പോലൊരാൾ ചെയ്യേണ്ട കഥാപാത്രമാണ്. മൂന്ന് രാഷ്ട്രിയ പാർട്ടികളുടെ ഗ്രൂപ്പുകളുണ്ടല്ലോ. ഇവരിൽ ആര് പറയുന്നതാണ് ശരിയെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു സാധാരണക്കാരന്റെ കഥ. ഇനി അത് നടക്കില്ല. ശ്രീനിവാസൻ ഉണ്ടായിരുന്നുവെങ്കിൽ അത്തരം സിനിമകൾ ചെയ്യാനുള്ളൊരു ധൈര്യം എനിക്ക് ഉണ്ടാകുമായിരുന്നു", എന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
"ശ്രീനിവാസന്റെ മനസ് ഏറ്റവും കൂടുതൽ തൊട്ടറിഞ്ഞ സുഹൃത്തെന്ന നിലയിൽ, അദ്ദേഹത്തോളം പ്രതിഭ തെളിയിച്ച ഒരാളെ മലയാള സിനിമയിൽ ഞാനിതുവരെ കണ്ടുമുട്ടിയിട്ടില്ല. രോഗബാധിതനായെങ്കിലും അദ്ദേഹം ദൂരെ ഉണ്ടെന്ന വിശ്വാസമുണ്ടായിരുന്നു. അതൊരു ധൈര്യമായിരുന്നു. ആ ധൈര്യമാണ് ഇന്നത്തോടെ നമുക്ക് നഷ്ടമായിരിക്കുന്നത്. പലപ്പോഴും ഞങ്ങൾ നേരിട്ട് കാണാറുണ്ടായിരുന്നു. കഴിഞ്ഞ തവണ ഞാൻ വരുമ്പോൾ എംടിയുടെ ജീവചരിത്രവും ഇപി ജയരാജിന്റെ ആത്മകഥയും കൊണ്ടുവരണമെന്ന് പറഞ്ഞു. കുറച്ച് ദിവസം അന്തിക്കാട് പുള്ളി വന്നിരുന്നു. അവിടെയുള്ള നാട്ടുകാർ "എങ്ങനെയുണ്ട് ശ്രീനിയേട്ടാ അസുഖമൊക്കെ" എന്ന് ചോദിച്ചു. "അസുഖമൊക്കെ വളരെ നന്നായി പോകുന്നു" എന്നായിരുന്നു മറുപടി. എന്തു പറഞ്ഞാലും നവിൻ തുമ്പത്ത് ഒരു ഫലിതം ഉള്ള ആളാണ് ശ്രീനി", എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



