തിരുവനന്തപുരം: നടന്‍ ദിലീപിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ രാജസേനന്‍. മലയാള സിനിമയില്‍ ആളുകളെ അകറ്റി നിര്‍ത്തുന്ന വലിയ സംഘത്തിന്‍റെ നേതാവാണ് ദിലീപ് എന്ന് രാജസേനന്‍ ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ ആരോപിച്ചു.

വളരെ വര്‍ഷങ്ങളായി ഇതു തുടങ്ങിയിട്ടെന്ന് രാജസേനന്‍ പറഞ്ഞു. ദിലീപ് സിനിമയില്‍ നിരവധി നെഗറ്റീവ് സംഭവങ്ങള്‍ ഉണ്ടാക്കി. തനിക്കും ഇത്തരം അനുഭവങ്ങളുണ്ടായി. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്‍റെ സിനിമ ചെയ്യാന്‍ താന്‍ ദിലീപിനെ വിളിച്ച് 10 ലക്ഷം രൂപ അഡ്വാന്‍സ് കൊടുപ്പിച്ചു. ഉദയകൃഷ്ണനും സിബി കെ തോമസിനും തിരക്കഥ എഴുതണമെന്ന് ദിലീപ് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് അവര്‍ക്കും അഡ്വാന്‍സ് കൊടുപ്പിച്ചു. പക്ഷേ പിന്നെ ഇവര്‍ ഉരുണ്ടു കളിച്ചു. ദിലീപിനെ സമീപിച്ചാല്‍ ഉദയനും സിബിയും എഴുതിയില്ലെന്നു പറയും. അവരെ സമീപിച്ചാല്‍ ദിലീപ് ഒന്നും പറഞ്ഞിട്ടില്ല എന്നാവും മറുപടി. പിന്നീട് ദിലീപ് ആ പ്രൊജക്ട് വേറെ ആളെക്കൊണ്ട് സംവിധാനം ചെയ്യിക്കാന്‍ ശ്രമിച്ചു. ഇതിനു വേണ്ടി പല തരികിട കളികളും കളിച്ചു. പക്ഷേ ആ പ്രൊജക്ട് നടന്നില്ല.

സംവിധായകന്‍ തുളസീദാസ് ഉള്‍പ്പെടെ നിരവധി പേരെ ദിലീപ് ഇതേരീതിയില്‍ വേദനിപ്പിച്ചെന്നും ഇത് ദിലീപിനെ തേടിയെത്തിയ വിധിയാണെന്നും രാജസേനന്‍ പറഞ്ഞു. ജനപ്രിയന്‍ എന്ന വാക്ക് ഇനി ഉപയോഗിക്കരുതെന്നു രാജസേനന്‍ പറഞ്ഞു.