വിജയ് സേതുപതിയുടെ പടങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു സാധാരണ നടനല്ല, മഹാനടനാണ് രജനീകാന്ത് പറഞ്ഞു.

ചെന്നൈ: ഒരുപാട് നാളുകള്‍ക്ക് ശേഷം ഒരു നല്ല നടനോടൊപ്പം അഭിനയിച്ചതു പോലെയാണ് വിജയ് സേതുപതിയോടൊപ്പമുള്ള അഭിനയമെന്ന് മനസ് തുറന്ന് രജനീകാന്ത്. അടുത്ത ചിത്രം പേട്ടയുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിജയ് സേതുപതിയുമായുള്ള അഭിനയത്തെക്കുറിച്ച് രജനീകാന്ത് വാചാലനായത്. 

വിജയ് സേതുപതിയുടെ പടങ്ങള്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഒരു സാധാരണ നടനല്ല, മഹാനടനാണ് രജനീകാന്ത് പറഞ്ഞു. ഓരോ ഷോട്ടെടുക്കുമ്പോഴും ഇത് എങ്ങനെ നന്നാക്കാമെന്നാണ് അദ്ദേഹം അന്വേഷിക്കുന്നത്. ഒരു നല്ല നടന്‍ മാത്രമല്ല വലിയൊരു മനുഷ്യനാണ് വിജയ് സേതുപതിയെന്നും അദ്ദേഹം ഒരു സൈക്യട്രിസ്റ്റിനെപ്പോലെയാണ് ചിന്തിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. 

കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്യുന്ന, രജനീകാന്ത് മാസ് ലുക്കിലെത്തുന്ന പേട്ടയില്‍ വിജയ് സേതുപതിയാണ് വില്ലനെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ശങ്കറിന്‍റെ 2.0 യ്ക്ക് ശേഷമിറങ്ങുന്ന രജനീകാന്ത് ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. 

വന്‍ താരനിരയാണ് രജനീകാന്തിനോടൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നത്. സിമ്രാന്‍, നവാസുദിന്‍ സിദ്ദിഖി, വിജയ് സേതുപതി, തൃഷ, ശശികുമാര്‍, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കലാനിധി മാരനാണ് പേട്ട നിര്‍മ്മിക്കുന്നത്.