കാല രാഷ്‍ട്രീയ സിനിമയല്ല, പക്ഷേ കൃത്യമായ രാഷ്‍ട്രീയമുണ്ടാകും: രജനികാന്ത്
പ്രേക്ഷകര് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് തമിഴകത്തിന്റെ സ്റ്റൈല് മന്നന് നായകനാകുന്ന കാല. കബാലിയുടെ വന് വിജയത്തിനു ശേഷം രജനികാന്തും പാ രഞ്ജിത്തും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയുമുള്ളതിനാല് ആവേശം ഏറെയാണ്. രാഷ്ട്രീയം കൃത്യമായി പറയുന്ന സിനിമകള് എടുക്കുന്ന സംവിധായകനായാല് സിനിമയെ നിരൂപകരും ഉറ്റുനോക്കുന്നു. എന്നാല് കാല ഒരു മുഴുനീള രാഷ്ട്രീയ സിനിമയായിരിക്കില്ല കാലയെന്ന് രജനികാന്ത് പറയുന്നു. പക്ഷേ കാല എന്ന സിനിമയ്ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടായിരിക്കുമെന്നും രജനികാന്ത് പറയുന്നു. മലേഷ്യയിലെ കഥ പറഞ്ഞതിനു ശേഷം ധാരാവിയിലെ കഥ പറയുന്ന സിനിമ വേണമെന്ന് ഞാന് ആഗ്രഹിച്ചിരുന്നു. രഞ്ജിത് മുംബയിലേക്ക് പോകുകയും കുറച്ചു മാസങ്ങള്ക്കു ശേഷം കാലയുമായി തിരിച്ചുവരികയുമായിരുന്നു. കബാലി രഞ്ജിത്തിന്റെ സിനിമയാണ്. പക്ഷേ പുതിയ സിനിമ രഞ്ജിത്തിന്റെയും എന്റെയും സിനിമയായിരിക്കണമെന്നും ഞാന് ആവശ്യപ്പെട്ടിരുന്നു- രജനികാന്ത് പറഞ്ഞു.
കബാലിയുടെ തിരക്കഥയുമായി പാ രഞ്ജിത് വന്നപ്പോള് അദ്ദേഹം കുറച്ച് അസ്വസ്ഥനായിരുന്നു. എന്തോ മിസ്സിംഗ് ഉണ്ടെന്ന് പറഞ്ഞു. ഇത് ജീവിതത്തിലെ വലിയ അവസരമാണെന്നും എന്തെങ്കിലും നഷ്ടമായാല് കരിയര് ഇല്ലെന്നും പറഞ്ഞു. അപ്പോള് തന്നെ പാ രഞ്ജിത് മതി സംവിധായകനായി എന്ന് ഞാന് വിചാരിച്ചു. സംവിധായകന് എന്ന നിലയില് താങ്കള് വിജയിച്ചുവെന്നാണ് സിനിമ കണ്ടതിനു ശേഷം ഞാന് പറഞ്ഞത്. നായകനെന്ന നിലയില് ഞാന് വിജയിച്ചോ എന്ന് എനിക്ക് അറിയില്ല. റിലീസിന്റെ ആദ്യ ദിവസങ്ങളില് ആരാധകരോട് അഭിപ്രായം ചോദിക്കരുതെന്ന് ഞാന് പറഞ്ഞിരുന്നു. സിനിമ വന് വിജയമാകുന്നതാണ് കണ്ടത്- രജനികാന്ത് പറയുന്നു.
