2010ല്‍ പുറത്തെത്തി വന്‍വിജയം നേടിയ എന്തിരന്റെ രണ്ടാംഭാഗമാണ് 2.0. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമാ ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തും.

രജനീകാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0ന്റെ ട്രെയ്‌ലറിന് വന്‍ വരവേല്‍പ്പാണ് യുട്യൂബില്‍ ലഭിക്കുന്നത്. സിനിമാപ്രേമികളുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ എത്തിയ ട്രെയ്‌ലറിന്റെ തമിഴ് പതിപ്പിന് ഇതുവരെ ലഭിച്ചത് 46 ലക്ഷത്തിന് മേല്‍ കാഴ്ചകളാണ്. എന്നാല്‍ ട്രെയ്‌ലറിന്റെ ഹിന്ദി പതിപ്പാണ് കാണികളുടെ എണ്ണത്തില്‍ ഞെട്ടിച്ചിരിക്കുന്നത്. 4.2 കോടി കാഴ്ചകളാണ് ഹിന്ദി ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചത്! കാഴ്ചയുടെ വിസ്മയം തീര്‍ക്കുമെന്ന് കരുതപ്പെടുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് എത്രയാണ്? ചെന്നൈയില്‍ നടന്ന ട്രെയ്‌ലര്‍ ലോഞ്ചില്‍ രജനീകാന്ത് തന്നെ ഈ കണക്ക് അവതരിപ്പിച്ചു.

ചിത്രത്തിന്റെ നിര്‍മ്മാണത്തിന് 600 കോടിക്കടുത്ത് ചെലവായിട്ടുണ്ടെന്നാണ് രജനി പറയുന്നത്. എന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, ഒരു സൂപ്പര്‍ഹിറ്റ് ആയിരിക്കും ഈ ചിത്രം. ഷങ്കറിനും ലൈക പ്രൊഡക്ഷന്‍സിനും ആശംസകള്‍. 600 കോടിക്കടുത്താണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ലൈകയുടെ പിന്തുണയില്ലാതെ ഇത് സാധ്യമായിരുന്നില്ല, രജനി പറയുന്നു.

ഇതൊരു 'രജനീകാന്ത് ചിത്രം' അല്ലെന്നും പറയുന്നു അദ്ദേഹം. ഷങ്കര്‍ എന്ന മനുഷ്യനെ കണ്ടാണ് അവര്‍ ഇത്രയും പണം നിക്ഷേപിച്ചത്. കാരണം പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഇതുവരെ പരാജയപ്പെട്ടിട്ടില്ല, രജനി കൂട്ടിച്ചേര്‍ത്തു.

2010ല്‍ പുറത്തെത്തി വന്‍വിജയം നേടിയ എന്തിരന്റെ രണ്ടാംഭാഗമാണ് 2.0. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമാ ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തും. രജനിക്കൊപ്പം അക്ഷയ്കുമാര്‍, അമി ജാക്‌സണ്‍, ആദില്‍ ഹുസൈന്‍, സുധാന്‍ഷു പാണ്ഡേ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.