Asianet News MalayalamAsianet News Malayalam

കമല്‍ഹാസന് തെരഞ്ഞെടുപ്പ് വിജയം നേര്‍ന്ന് രജനീകാന്ത്; ഭാവി നമ്മുടേതെന്ന് കമല്‍

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നുമാണ് രജനീകാന്ത് നേരത്തേ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്റെ ചിത്രമോ രജനി മക്കള്‍ മണ്‍ട്രത്തിന്റെ കൊടിയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരും ഉപയോഗിക്കരുതെന്നും രജനി പറഞ്ഞിരുന്നു. 

rajinikanth wishes election success for kamal haasan
Author
Chennai, First Published Feb 25, 2019, 12:09 AM IST

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കമല്‍ഹാസന്റെ രാഷ്ട്രീയകക്ഷി മക്കള്‍ നീതി മയ്യത്തിന് വിജയാശംസ നേര്‍ന്ന് രജനീകാന്ത്. തന്റെ '40 വര്‍ഷത്തെ സുഹൃത്തി'ന് നന്ദി അറിയിച്ച കമല്‍ നല്ല മനുഷ്യര്‍ കൂടെയുള്ളപക്ഷം മുഴുവന്‍ സീറ്റുകളും നേടാനാവുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് രജനിയുടെ ആശംസയും കമലിന്റെ നന്ദി പറച്ചിലും.

'ആദ്യമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എന്റെ സുഹൃത്തും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പാര്‍ട്ടി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. പൊതുജീവിതത്തിലും അദ്ദേഹത്തിന് വിജയം നേടാന്‍ എന്റെ ഹൃദയം നിറഞ്ഞ ഭാവുകങ്ങള്‍', ഇങ്ങനെയായിരുന്നു രജനീകാന്തിന്റെ ട്വീറ്റ്.

മിനിറ്റുകള്‍ക്കകം ട്വിറ്ററിലൂടെത്തന്നെ കമലിന്റെ പ്രതികരണമെത്തി. '40 വര്‍ഷം നീളുന്ന സൗഹൃദത്തിന് നന്ദി. നല്ല മനുഷ്യര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെങ്കില്‍ (രജനീകാന്തിനെയും അദ്ദേഹത്തിന്റെ ആരാധക കൂട്ടായ്മ രജനി മക്കള്‍ മണ്‍ട്രത്തെയും സൂചിപ്പിച്ച്) 40 (40 സീറ്റുകള്‍) നേടാനാവും. നാളെ നമ്മുടേതാണ്, എന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

ഈ മാസം തുടക്കത്തിലാണ് തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സീറ്റുകളിലേക്കും തന്റെ പാര്‍ട്ടി മത്സരിക്കുമെന്ന് കമല്‍ പ്രഖ്യാപിച്ചത്. സമാനമനസ്‌കരുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2018 ഫെബ്രുവരി 21നാണ് കമല്‍, മക്കള്‍ നീതി മയ്യം പ്രഖ്യാപിച്ചത്. അതേസമയം ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിയെയും പിന്തുണയ്ക്കില്ലെന്നുമാണ് രജനീകാന്ത് പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്റെ ചിത്രമോ രജനി മക്കള്‍ മണ്‍ട്രത്തിന്റെ കൊടിയോ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ആരും ഉപയോഗിക്കരുതെന്നും രജനി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios