Asianet News MalayalamAsianet News Malayalam

2.0 ഒരു ഗ്രാഫിക്കല്‍ ദൃശ്യവിസ്മയം

ഒരു ടിപ്പിക്കൽ ശങ്കർ ചിത്രമോ രജനി ചിത്രമോ അല്ല 2.0.അക്ഷയ് കുമാർ-രജനികാന്ത് എന്നീ താരങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും അല്ല.ഇതൊരു ദൃശ്യവിസ്മയമാണ്.ലോജിക്കുകൾ മാറ്റി വച്ചു ആസ്വദിച്ചാൽ 2.0 നിങ്ങളെ നിരാശരക്കില്ല.

Rajinikanths 2.0 first Review
Author
Thiruvananthapuram, First Published Nov 29, 2018, 3:10 PM IST

2.0 എന്ന ബിഗ് ബജറ്റ് പടത്തിന്റെ ട്രെയ്‌ലർ കണ്ടപ്പോൾ നമ്മുടെയെല്ലാം മനസ്സിൽ തോന്നിയ ചില കാര്യങ്ങളുണ്ട്. ഒന്ന് ഇന്ത്യൻ സിനിമ കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ കാൻവാസിൽ ഒരുക്കുന്ന അന്താരാഷ്‍ട്ര നിലവാരത്തിലുള്ള വിഷ്വൽ ഇഫക്ടുകളും ഗ്രാഫിക്സും ഒത്തുചേരുന്ന ഒരു സിനിമ. രണ്ട്- ബിഗ് ബജറ്റ് ചിത്രങ്ങൾ ഒരുക്കുന്ന കാര്യത്തിൽ രാജമൗലിയുമായി ഷങ്കറിന്റെ ഒരു മാറ്റുരയ്ക്കൽ.

നീണ്ട കാത്തിരിപ്പിനൊടുവിൽ ചിത്രം സ്‌ക്രീനിൽ എത്തിയപ്പോൾ ആർഭാടങ്ങൾ എല്ലാം ഉണ്ട്. എന്നാൽ അത്യാവശ്യം വേണ്ട പലതും കണ്ടില്ല. സിനിമയുടെ ട്രെയ്‌ലർ കണ്ട് ഊഹിച്ചെടുത്ത ഒരു കഥ ഉണ്ടായിരുന്നു. അതിനപ്പുറം വിസ്മയിപ്പിക്കുന്ന ഒന്നും തന്നില്ല എന്നതാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ നെഗറ്റീവും പോസിറ്റീവും.

ഷങ്കർ എന്ന സംവിധായകന്റെ ഭാവനയേയും ബുദ്ധിയേയും 'അപാരം' എന്ന് തന്നെ വിശേഷിപ്പിക്കേണ്ടി വരും. അത് നമ്മൾ യന്തിരൻ സിനിമയിൽ കണ്ടതുമാണ്.  യന്തിരൻ സീരീസിലെ ഈ രണ്ട് ചിത്രങ്ങൾ കൈവരിച്ച ആഗോള നിലവാരത്തിലുള്ള സാങ്കേതിക മികവിനോട് കിടപിടിക്കുന്ന ഒരു ചിത്രം സൃഷ്‍ടിച്ചെടുക്കാൻ കോളിവുഡിലോ ബോളിവുഡിലോ മറ്റൊരാളില്ല.

ഒരു റോബോട്ടിന് മനുഷ്യവികാരങ്ങൾ പകർന്ന് കിട്ടുമ്പോൾ ഉണ്ടാവുന്ന സങ്കീർണതകളാണ് യന്തിരൻ പറയുന്നതെങ്കിൽ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത മൊബൈൽ ഫോണുകൾ നമുക്ക് നേരെ തിരിഞ്ഞാൽ എന്തായിരിക്കും നടക്കുക എന്ന വേറിട്ട ആശയമാണ് 2.0യുടെ രത്നചുരുക്കം.  കഥപറച്ചിലിന്റെ ശങ്കർ ഫോർമുല ഈ ചിത്രത്തിലും ആവർത്തിക്കപ്പെടുന്നുണ്ട്. രജനി ചിത്രങ്ങളുടെ പതിവ് ഇൻട്രോ സീൻ കാഹളങ്ങളൊന്നുമില്ലാതെ കഥാസന്ദർഭങ്ങളിൽ ഊന്നിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. അക്ഷയ് കുമാറിന്റെ പക്ഷിരാജൻ എന്ന കഥാപാത്രത്തിന്റെ പൂര്‍വകാലം പതിവുപോലെ ഷങ്കർ ഫ്ലാഷ്ബാക്കില്‍‌ അവതരിപ്പിച്ചിരിക്കുന്നു. ചിത്രത്തിൽ അക്ഷയ് കുമാർ എന്ന നടനെ കാണാൻ കിട്ടിയ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.  

2.0 -ന്റെ രണ്ട് പകുതികളും മികച്ച ദൃശ്യങ്ങളാല്‍ സമ്പന്നാണ്. പക്ഷേ സംവിധായകന്റെ ശ്രദ്ധ മുഴുവൻ ചിത്രത്തിന്റെ സാങ്കേതിക മേഖലയിൽ ഒതുങ്ങിപ്പോയോ എന്നതാണ് ചിത്രം കണ്ടിറങ്ങുമ്പോൾ ബാക്കിയാവുന്ന സംശയം.ഒരു സൂപ്പർ സ്റ്റാർ പടത്തിന് ലക്ഷണമൊത്ത തിരക്കഥ വേണമെന്ന് പ്രേക്ഷകന് വാശി പിടിക്കാനാവില്ല. എന്നാൽ ഒരു സയന്റിഫിക് ഫിക്ഷൻ ചിത്രത്തിന് പ്രക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കരുത്തുറ്റ തിരക്കഥ അനിവാര്യമാണ്. അങ്ങനെയൊരു കഥയുടെ അഭാവമാണ്  2.0 ന്റെ പ്രധാന പരിമിതി. അതേസമയം ത്രീഡി ദൃശ്യാനുഭവം എന്ന ​ഗണത്തിൽ ചിത്രം നൂറ് ശതമാനം സംതൃപ്തി നൽകുകയും ചെയ്യുന്നു.

സിനിമയുടെ അവസാന 40 മിനിറ്റുകൾ സാങ്കേതിക തികവ് കൊണ്ട് ഇന്ത്യൻ സിനിമരം​ഗത്തെ പുതിയൊരു അനുഭവമായിരിക്കും. തന്റെ ഭാവനകളെ സ്ക്രീനിൽ വരച്ചു കാണിക്കുന്ന അത്ഭുതമാണ് അവിടെ ഷങ്കർ കാണിച്ചത്.  കുടുംബപ്രേക്ഷകരേയും കുട്ടികളേയും വിസ്മയപ്പിക്കുന്ന ദൃശ്യവിസ്മയമാണ് 2.0. അത്രമേൽ റിച്ചാണ് ചിത്രത്തിന്റെ ഓരോ ഫ്രെയിമുകളും. കേവലമൊരു സിനിമ എന്നതിനപ്പുറം ഒരു മികച്ച തീയേറ്റർ അനുഭവം നൽകുന്ന ചിത്രമാണിത്.

മറ്റു വിഭാഗങ്ങളിലേക്ക് വന്നാൽ രജനീകാന്തിനോ അക്ഷയ് കുമാറിനോ നടനെന്നോ താരമെന്ന രീതിയിലോ കാര്യമായി ഒന്നും ചെയ്യാനില്ലാത്ത ചിത്രമാണ് 2.0. വസീഗരൻ എന്ന ശാസ്ത്രജ്ഞനായി വലിയ ബഹളങ്ങളില്ലാതെ എത്തുന്ന രജനി ചിട്ടിയായും ചിട്ടി 2.0 ആയും പഴയ ഊർജ്ജത്തോടെ സ്ക്രീനിൽ നിറയുന്നു. എന്നാൽ സ്റ്റൈൽ മന്നന്റെ പതിവ് പഞ്ചുകളും മാനറിസങ്ങളുമൊന്നും ചിത്രത്തിലില്ല എന്നത് ആരാധകർക്ക് നിരാശ നൽകും. പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിന്റെ പലതരം മാനസിക സ‍ഞ്ചാരങ്ങളെ അക്ഷയ് കുമാർ മനോഹരമായി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യൻ സിനിമയിലെ രണ്ട് പ്രമുഖ സൂപ്പർ താരങ്ങളെ ഒരുമിച്ചു കിട്ടിയിട്ടും മാസ് മുഹൂർത്തങ്ങൾ സൃഷ്‍ടിച്ചെടുക്കാൻ ഷങ്കർ ശ്രമിച്ചിട്ടില്ല.... കാരണം ഈ ചിത്രത്തിലെ താരം രജനിയോ അക്ഷയോ അല്ല, ​ഗ്രാഫിക്സും വിഎഫ്ക്സുമാണ്.

രജനിയുടെ അക്ഷയുടേയും നിഴലിലാണ് എമി ജാക്സന്റെ കഥാപാത്രം. റോബോട്ടുകൾ തമ്മിലുള്ള പ്രണയമെല്ലാം ചിത്രത്തിലെ വിരസമായ രം​ഗങ്ങളാണ്. ദൃശ്യത്തിന് വീണ്ടും തമിഴിലെത്തിയ കലാഭവൻ ഷാജോണിന് ചിത്രത്തിന് മികച്ചപ്രകടനം ഭാവിയിൽ മുതൽക്കൂട്ടാവും. ഇതല്ലാതെ മറ്റു പ്രമുഖതാരങ്ങളൊന്നും ചിത്രത്തിൽ ഇല്ല. സംഗീതവിഭാ​ഗത്തിലേക്ക് വന്നാൽ എ ആർ റഹ്‍മാന്റെ ​ഗാനങ്ങളും പശ്ചാത്തല സംഗീതവും പതിവ് നിലവാരത്തിലെത്തിയില്ല എന്നതും പ്രക്ഷകർക്ക് നിരാശയാവും.

ഒരു ടിപ്പിക്കൽ ഷങ്കർ ചിത്രമോ രജനി ചിത്രമോ അല്ല 2.0.അക്ഷയ് കുമാർ-- രജനികാന്ത് എന്നീ താരങ്ങൾ തമ്മിൽ ഉള്ള ഏറ്റുമുട്ടലും അല്ല. ഇതൊരു ദൃശ്യവിസ്മയമാണ്. ലോജിക്കുകൾ മാറ്റി വച്ചു ആസ്വദിച്ചാൽ 2.0 നിങ്ങളെ നിരാശരക്കില്ല.ഒരു  ത്രീ ഡി ചിത്രം എന്ന നിലയിൽ ഒരു മികച്ച തീയേറ്ററിൽ നിന്ന് കണ്ടിരിക്കേണ്ട ചിത്രമാണ് 2.0 എന്നു കൂടി ഓർമപ്പെടുത്തട്ടേ...

Follow Us:
Download App:
  • android
  • ios