മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ആലപിച്ച പാട്ടിന് ഇഫ്തിയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.  

മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം 'ജൂണി'ലെ ആദ്യഗാനമെത്തി. നവാഗതനായ അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. അമൃത സുരേഷാണ് ആലപിച്ച പാട്ടിന് ഇഫ്തിയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.

ചിത്രത്തിൽ ഒരു കൗമാര വിദ്യാര്‍ത്ഥിനിയെയാണ് രജിഷ അവതരിപ്പിക്കുന്നത്. യൂണിഫോം അണിഞ്ഞ് മുടി രണ്ട് ഭാഗം കെട്ടി ബാഗുമെടുത്ത് നിൽക്കുന്ന രജിഷയുടെ ലുക്ക് ഇതിനോടകം തന്നെ ഹിറ്റാണ്. ചിത്രത്തിലെ കഥാപാത്രത്തിനായുള്ള രജിഷയുടെ മേക്ക് ഓവർ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. സ്കൂൾ വിദ്യാർത്ഥി കഥാപാത്രത്തിനായി ഒന്‍പത് കിലോ ശരീര ഭാരമാണ് രജിഷ കുറച്ചത്. അതിനായി കഠിനമായ ഡയറ്റും വ്യായാമമുറകളുമാണ് രജിഷ ശീലിച്ചത്. 

ചിത്രത്തിൽ രണ്ട് കാലഘട്ടത്തിലെ കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. ഇതിനായി രണ്ട് ലുക്കിൽ താരമെത്തും. ജൂൺ എന്ന പെണ്‍കുട്ടിയുടെ 17 മുതൽ 27 വയസുവരെയുള്ള ജീവിതമാണ് ചിത്രം പറയുന്നത്. ജൂണിന്റെ കൗമാരമാണ് ചിത്രം പ്രധാനമായും കൈകാര്യം ചെയ്യുന്നത്. 16 പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്ജ്, സത്യം ശിവം സുന്ദരം ഫെയിം അശ്വതി, അര്‍ജുന്‍ അശോകന്‍, അജു വര്‍ഗീസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

അങ്കമാലി ഡയറീസിനും ആട് 2നും ശേഷം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് ഒരുക്കുന്ന പത്താമത്തെ സിനിമയാണ് ജൂൺ. നവാഗതരായ ജിതിൻ സ്റ്റാൻസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. തിരക്കഥ അഹമ്മദ് കബീര്‍, ലിബിൻ, ജീവൻ. തന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം രജിഷ വിജയൻ സ്വന്തമാക്കിയിരുന്നു. ജോര്‍ജേട്ടന്റെ പൂരം, ഒരു സിനിമാക്കാരന്‍ എന്നിവയാണ് രജിഷ അഭിനയിച്ച മറ്റ് ചിത്രങ്ങൾ.