കൊച്ചിയില്‍ മലയാളി നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തില്‍ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് സിനിമാ മേഖലയിലും നായികമാര്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ്. മലയാളത്തിന് പുറമെ നിന്നും പല പ്രമുഖ താരങ്ങളും പ്രതികരിച്ചു കഴിഞ്ഞു.

സംഭവത്തില്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം കുറ്റവാളികളെ എത്രയും പെട്ടന്ന് കണ്ടുപിടിച്ച് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതും ശ്രദ്ധേയമായിരുന്നു. എന്നാല്‍ തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീതിന്‍റെ പ്രതികരണം ഏറെ വ്യത്യസ്തമായിരുന്നു. ആ നടിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ അക്രമികളെ മുഴുവനും കൊന്നു കളയും എന്നാണ് രാകുല്‍ പ്രീതിന്‍റെ പ്രതികരണം.

മലയാളി നടിയ്ക്കുണ്ടായ ദുരനുഭവം കേട്ട് ഞെട്ടി. ഇതുപോലെ ഹീനമായ പ്രവൃത്തി ചെയ്യുന്നവരെ മനുഷ്യരെന്ന് വിളിക്കാന്‍ കഴിയില്ല. രാകുല്‍ പറയുന്നു. സംഭവം കേട്ട ശേഷം സത്യത്തില്‍ പേടിതോന്നുന്നു. ടാക്‌സിയില്‍ പോകാനോ പരിചയമില്ലാത്ത ആളുകള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യാനോ പേടിയായിരിയ്ക്കുകയാണ്. ആരെയാണ് ഈ ലോകത്ത് വിശ്വസിയ്ക്കുക. രാകുല്‍ പ്രീത് ചോദിക്കുന്നു.

ഞാനൊരു കായികാഭ്യാസിയാണ്. ജിം ഒഴിവാക്കി ഞാനെവിടെയും പോകാറില്ല. ശരീരം ഫിറ്റായി ഇരിക്കാനാണ് ആഗ്രഹിയ്ക്കുന്നത്. എന്നാലെ ഇവരെ പോലുള്ളവരെ നേരിടാന്‍ കഴിയൂ. ഇത് നിന്ദ്യവും വൃത്തികെട്ടതുമായ ആക്രമണമാണ്. ഞാനായിരുന്നു ആ നടിയുടെ സ്ഥാനത്ത് എങ്കില്‍ അവറ്റകളെ മുഴുവന്‍ കൊന്നു കളയുമായിരുന്നു.