മോഹന്‍ലാലിനെ പ്രശംസിച്ച് എഴുതിയ ആ ട്വീറ്റ് രാംഗോപാല്‍ വര്‍മ്മയുടേതല്ല. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമ ഒപ്പത്തിന്റെ തെലുങ്ക് പതിപ്പായ കനുപാപയെ കുറിച്ചുള്ള കമന്റ് തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നാണെന്ന് രാം ഗോപാല്‍ വര്‍മ്മ തന്നെ ട്വീറ്റ് ചെയ്തു.

ടോളിവുഡിലെ ചില താരങ്ങള്‍ക്ക് സാധിക്കാത്തത് മോഹന്‍ലാല്‍ വെറും മൂന്ന് സിനിമകള്‍ കൊണ്ട് നേടി. കനുപാപ ബ്രില്ല്യന്റ് മൂവിയാണ്. നിര്‍ബന്ധമായും കണ്ടിരിക്കണം. വലിയ താരങ്ങളും സംവിധായകരും അവരുടെ സ്ഥിരം സിനിമാ ഫോര്‍മുലയില്‍ നിന്ന് മാറണം. മോഹന്‍ലാലിനെ പോലെ- ഇങ്ങനെയായിരുന്നു ട്വീറ്റ്. ഇത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. എന്നാല്‍ ഇത് രാം ഗോപാല്‍ വര്‍മ്മയുടെ പേരിലുള്ള പാരഡി അക്കൗണ്ടില്‍ വന്ന ട്വീറ്റായിരുന്നു.

മോഹന്‍ലാലിന്റെ തെലുങ്ക് സിനിമകളായ ജനതാ ഗാരേജും മനമന്ദയും സൂപ്പര്‍ഹിറ്റ് വിജയം നേടിയിരുന്നു. 150 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മലയാള സിനിമയായ പുലിമുരുകന്റെ തെലുങ്ക് പതിപ്പായ മാന്യംപുലിയും മോഹന്‍ലാലിന് ടോളിവുഡില്‍ വന്‍ വിജയം നേടിക്കൊടുത്തു. പിന്നാലെ ഒപ്പം തെലുങ്കിലേക്ക് ഡബ് ചെയ്‍ത് എത്തിച്ചപ്പോഴും വന്‍ വിജയമാണ് നേടുന്നത്. പ്രിയദര്‍ശനാണ് ഒപ്പം സംവിധാനം ചെയ്‍തത്.