സിനിമാ ട്വിസ്റ്റ് പോലെ സംവിധായകന്‍ അരുണ്‍ഗോപിയുടെ സിനിമാ ജീവിതം പ്രതിസന്ധികള്‍ക്കും വിവാദങ്ങള്‍ക്കുമിടെ റിലീസ് ചെയ്ത ആദ്യ ചിത്രമായ രാമലീല നൂറുദിവസം പിന്നിടുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ അരുണ്‍ഗോപി. അതിനിടെയാണ് സിനിമാ ട്വിസ്റ്റുപോലെ അദ്ദേഹത്തിന്റെ സിനിമാ ജീവിതം മറ്റൊരു വഴിത്തിരിവിലേക്ക് എത്തുന്നത്.

സംവിധാനം ചെയ്ത ആദ്യ ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ നായകനാകാനുള്ള നിയോഗവും അരുണ്‍ഗോപിയെ തേടിയെത്തിയിരിക്കുന്നു. മാധ്യമപ്രവര്‍ത്തകനായ രതീഷ് രഘുനന്ദന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പ്രഥമ ചിത്രത്തിലാണ് അരുണ്‍ഗോപി നായകനാകുന്നത്. പോക്കിരി സൈമണിനുശേഷം ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മിക്കുന്നത്. താരനിര്‍ണയം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവര്‍ഷം പകുതിയോടെ ആരംഭിക്കും.

രാമലീലയുടെ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമയിലെ ഏത് നായകനും അദ്ദേഹത്തിനു പ്രാപ്യമാണെന്നിരിക്കേയാണ് അരുണ്‍ഗോപി സ്വന്തം സിനിമാ ജീവിതത്തില്‍ അപ്രതീക്ഷിത ട്വിസ്റ്റ് കൊണ്ടുവരുന്നത്.രാമലീലക്കുശേഷം മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് നായകനായി അഭിനയിക്കാനുള്ള സാഹചര്യം തന്നെ തേടിയെത്തിയതെന്നു അരുണ്‍ഗോപി പറഞ്ഞു.

വിദൂരസ്വപ്‌നങ്ങളില്‍പോലും തനിക്ക് നടനാകണമെന്നുള്ള മോഹം ഇല്ലായിരുന്നു. രതീഷ് രഘുനന്ദന്‍ തന്നോടു സബ്ജക്ട് പറയുമ്പോള്‍തന്നെ ഈ സിനിമയിലെ കേന്ദ്രകഥാപാത്രം വല്ലാതെ ആകര്‍ഷിച്ചിരുന്നു. തുടര്‍ന്നു നടന്ന ചര്‍ച്ചകളിലാണ് ഈ കഥാപാത്രത്തെ താന്‍തന്നെ അവതരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയത്. ഏതൊരു നടനും ചെയ്യാനാഗ്രഹിക്കുന്ന കഥാപാത്രമാണിത്. നായകന്റെ ശരീര സൗന്ദര്യമോ ഇമേജോ ഈ കഥാപാത്രത്തിന് ആവശ്യമില്ല.

അതിലുപരി ഏതൊരു സംവിധായകനെയും മോഹിപ്പിക്കുന്ന ശക്തമായ തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. തിരക്കഥയിലെ സംഭവങ്ങളാണ് സിനിമയെ ആകര്‍ഷകമാകുന്നത്. മലയാളത്തില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഇന്റലിജന്റ് ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നും അരുണ്‍ഗോപി കൂട്ടിച്ചേര്‍ത്തു.