തിരുവനന്തപുരം: ദിലീപ് നായകനായ രാമലീല യൂട്യൂബില്‍. തീയറ്ററുകളിൽ വിജയകുതിപ്പ് തുടരുന്ന ദിലീപ് ചിത്രം രാമലീലയുടെ തീയറ്റർ പ്രിന്‍റാണ് 21ന് രാത്രിയോട് കൂടി യുട്യൂബിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസമായി യൂട്യൂബില്‍ ഉണ്ടായിരുന്ന വീഡിയോ 30000 പേർ കണ്ടു. എന്നാല്‍ തിങ്കളാഴ്ചയോടെ യൂട്യൂബില്‍ നിന്നും ചിത്രം അപ്രത്യക്ഷമായി. 

രാമലീല എന്ന പേരിൽ യുട്യൂബിൽ ചിത്രം അപ്‌ലോഡ് ചെയ്യാതെ തൊണ്ടി മുതലും ദൃക്സാക്ഷിയെയും കൂട്ടുപിടിച്ചാണ് രാമലീല നെറ്റിൽ ഓടിക്കൊണ്ടിരുന്നത്. രാമലീലയെ നെറ്റിലെത്തിക്കാൻ തൊണ്ടിമുതലിന്‍റെ പോസ്റ്ററും തമ്പായി നല്‍കി. 

സെപ്റ്റംബർ 28നാണ് ഏറെ പ്രതിസന്ധികൾക്ക് ശേഷം ദിലീപ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രം തിയറ്ററുകളിലെത്തി ഒരുമാസം പിന്നിടുന്നതിന് മുന്‍പാണ് ചിത്രം യു ട്യൂബിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ തമിഴ് റോക്കേഴ്സ് എന്ന് മാർക്ക് ചെയ്തിട്ടുണ്ട്. തമിഴ് റോക്കേഴ്സിന്‍റെ ഇന്‍റര്‍നെറ്റ് പതിപ്പാണ് ചിലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.