നവഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത് ദിലീപ് നായകനായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് രാമലീല. വിവാദങ്ങളും, നായകന്‍റെ ജയില്‍വാസവും ഒക്കെ തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലാണ് ചിത്രം തീയറ്ററുകളില്‍ എത്തിയിരിക്കുന്നത്. പതിവ് ദിലീപ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയിലാണ് ചിത്രം ഒരുക്കിയത് എന്ന സംവിധായകന്‍റെ വാക്കുകള്‍ ശരിവയ്ക്കുന്നതാണ് ചിത്രത്തിന്‍റെ കാഴ്ച അനുഭവം. ദിലീപ് ചിത്രങ്ങളുടെ കോര്‍ഫാന്‍സ് എന്ന് പറയുന്ന കുടുംബങ്ങള്‍ കുറവായ ഒരു ഹൗസ്ഫുള്‍ തിയറ്ററില്‍ നിന്നാണ് ചിത്രം കണ്ടത്.

റണ്‍ ബേബി റണ്‍ പോലുള്ള ഒരു ത്രില്ലറിന് തൂലിക ചലിപ്പിച്ച സച്ചിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. അതിനാല്‍ തന്നെ ചിത്രം പ്രേക്ഷകന്‍ പ്രതീക്ഷിക്കുന്ന ട്വിസ്റ്റുകളും ടേണുകളും പുലര്‍ത്തുന്നു. ഭരണകക്ഷിയായ സിഡിപിയുടെ യുവ എംഎല്‍എയായ രാമനുണ്ണി പാര്‍ട്ടിയുമായുള്ള ആശയ വ്യത്യസത്തിന്‍റെ പേരില്‍ രാജിവയ്ക്കുന്നു. പിന്നീട് വരുന്ന ഉപതെരഞ്ഞെടുപ്പില്‍ എതിര്‍പക്ഷത്തുള്ള വലത് പക്ഷ പാര്‍ട്ടിയുടെ സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയാകുന്നു. സിഡിപി രക്തസാക്ഷിയായ സഖാവ് രാഘവന്‍റെ മകനാണ് രാമനുണ്ണി. എന്നാല്‍ അപ്രതീക്ഷിതമായ ഈ ചുവട് മാറ്റത്തില്‍ രാമനുണ്ണിക്ക് മുന്നില്‍ എതിരാളിയായി എത്തുന്നത് പ്രതീക്ഷിക്കാത്ത ഒരാള്‍. അതിനിടയില്‍ ഒരു കുറ്റകൃത്യത്തില്‍ പ്രതിചേര്‍ക്കപ്പെടുന്ന രാമനുണ്ണി അതില്‍ നിന്നും ഹെലന എന്ന ന്യൂമീഡിയ പ്രവര്‍ത്തകയുടെ സഹായത്താല്‍ പുറത്തുവരുന്നതും, അതിനോട് അനുബന്ധിച്ച അപ്രതീക്ഷിത ക്ലൈമാക്സുമാണ് രണ്ടര മണിക്കൂര്‍ ചിത്രം പറയുന്നത്.

കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമാണ് രാമലീല. അത് കാണുന്നതിലെ പൊളിറ്റിക്കല്‍ ക്ലാരിറ്റി തേടുമ്പോള്‍ അതൊന്നും ഇല്ലാതെ ആസ്വദിക്കാന്‍ പറ്റുന്ന ത്രില്ലറായി സംവിധായകന്‍ ചിത്രത്തെ മാറ്റിയിരിക്കുന്നു. ചിത്രത്തിന്‍റെ ആദ്യഭാഗത്ത് രാഷ്ട്രീയത്തിലെ കൊടുക്കല്‍ വാങ്ങലുകള്‍ ആണെങ്കില്‍ രണ്ടാം ഭാഗത്ത് എത്തുമ്പോള്‍ ചിത്രത്തിന്‍റെ മൂഡ് മാറ്റുന്ന രീതിയില്‍ രംഗങ്ങള്‍ മാറ്റിയെടുക്കുന്നുണ്ട്. കഥയുടെ തീവ്രത അനുസരിച്ച് അത്യവശ്യ വേഗതയില്‍ തന്നെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഉദാഹരണം സുജാത- റിവ്യു ഇവിടെ വായിക്കാം

പതിവ് തമാശ രീതിയില്‍ നിന്നും വിട്ട് അകന്ന് നായകനായ രാമനുണ്ണിയെ അവതരിപ്പിക്കുന്ന ദിലീപിനെയാണ് കാണുന്നത്. ചിത്രത്തില്‍ കോമഡി ട്രാക്ക് എന്ന് പറയാവുന്നത് കൈകാര്യം ചെയ്ത് അത്യവശ്യം കൈയ്യടി കലാഭവന്‍ ഷജോണ്‍ നേടുന്നുണ്ട്. വലുതായി ഒന്നും ചെയ്യാനില്ലെങ്കിലും മേക്കപ്പില്ലാതെ എത്തുന്ന പ്രയാഗാ ഹെലന എന്ന നായിക റോള്‍ ഭദ്രമാക്കുന്നു. രാധിക ശരത്കുമാര്‍, വിജയരാഘവന്‍, മുകേഷ്, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തിന് അനുയോജ്യമായ പ്രകടനം തന്നെ കാണിക്കുന്നു.

ഗോപിസുന്ദര്‍ ചിത്രത്തിനായി ഒരുക്കിയ ഗാനങ്ങള്‍ പ്രത്യേകിച്ച് എടുത്ത് പറയാതെ തന്നെ രംഗങ്ങള്‍ക്ക് ഒപ്പം നീങ്ങുമ്പോള്‍ പാശ്ചാത്തല സംഗീതം വളരെ ശ്രദ്ധേയം തന്നെയാണ്. ചിത്രത്തിന് അനുസരിച്ച വേഗതിയില്‍ തന്നെയാണ് ഷാജികുമാറിന്‍റെ ക്യാമറ സഞ്ചരിക്കുന്നത്.

വലിയ രീതിയിലുള്ള പ്രതീക്ഷകള്‍ ഇല്ലാതെ പോയാല്‍ ആസ്വദിക്കാന്‍ കഴിയുന്ന ഒരു ത്രില്ലര്‍ സിനിമയാണ് രാമലീല. ലോജിക്കിന്‍റെ പ്രശ്നങ്ങള്‍ ചില സ്ഥലങ്ങളില്‍ മുഴച്ചു നില്‍ക്കുമെങ്കിലും സമകാലിക സംഭവങ്ങളെ തൊട്ടുംതൊടാതെയും പറഞ്ഞ് പോകുന്ന ചിത്രം ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രമായി മാറുന്നു. വേണമെങ്കില്‍ ചിത്രത്തിലെ രംഗങ്ങള്‍ നായകനടന്‍റെ അപ്പോഴത്തെ അനുഭവത്തോട് കൂട്ടിവയ്ക്കാം എന്ന രീതിയില്‍ പലരംഗങ്ങളിലും തിയറ്ററില്‍ കൈയ്യടികളും പ്രതികരണങ്ങളുമുണ്ട് എന്നതും ശ്രദ്ധേയമാണ്.