ദിലീപ് ചിത്രം രാമലീലയിലെ ഗാനം പുറത്തുവന്നു. ഗാനത്തിലുടനീളം ഇതിഹാസ കഥാപാത്രം ശ്രീരാമന്‍റെ അപദാനങ്ങളാണ് പാടുന്നത്. ചിത്രത്തിലെ നായകനായ ദിലീപിന്റെ കഥാപാത്രത്തെ വാഴ്ത്താനാണ് ഗാനത്തിലൂടെ ശ്രമിക്കുന്നതും. എന്നാല്‍ സമകാലിക സംഭവങ്ങളുമായി കൂട്ടിവായിക്കണമെങ്കില്‍ അങ്ങനെയും ആകാമെന്ന സൂചനകളും ഗാനം നല്‍കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസ് അന്വേഷണം നിര്‍ണായക തെളിവുകളോടെ പുതിയ ദിശയിലേക്ക് നീങ്ങുന്നതിനിടെയാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചത്. നൂറ് കോടി ക്ലബില്‍ പ്രവേശിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകന് ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രമാണ് രാമലീല.അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാമനുണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷത്തിലാണ് ദിലീപ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.
പൊളിറ്റിക്കല്‍ ഡ്രാമ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിന്‍, വിജയ രാഘവന്‍, സിദ്ധിഖ്, ശ്രീനിവാസന്‍, രാധിക ശരത് കുമാര്‍ എന്നിവര്‍ അണിനിരക്കുന്നു.സച്ചിയുടേതാണ് തിരക്കഥ. ഗോപി സുന്ദര്‍ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നു. ജോഷി സംവിധാനം ചെയ്ത ലയണ്‍ എന്ന ചിത്രത്തില്‍ ഉണ്ണി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിയെത്തിയ ദിലീപിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
