മഹാഭാരതം സിനിമയാകുന്നതാണ് ഇപ്പോള്‍ ചര്‍ച്ച. 1000 കോടിയുടെ ബ‍ജറ്റില്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കി മഹാഭാരതം ഒരുങ്ങുമ്പോള്‍ മോഹന്‍ലാല്‍ ഭീമനായി അഭിനയിക്കും എന്നതും ആരാധകര്‍ക്ക് ആവേശമാകുന്നു. ഇപ്പോഴിതാ രാമായണം വെള്ളിത്തിരയിലേക്ക് എത്തുമെന്ന വാര്‍ത്തകള്‍ വരുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ആയിട്ടായിരിക്കും സിനിമ ഒരുങ്ങുക.

രാജ്യത്തെ പ്രമുഖ സിനിമാ നിര്‍മ്മാതാക്കളില്‍ ഒരാളായ അല്ലു അരവിന്ദ് ആണ് രാമായണം സിനിമയാക്കാന്‍ ആലോചിക്കുന്നത്. മധു മണ്ടനയും നമിത് മല്‍ഹോത്രയുമായും കൈകോര്‍ത്താണ് അല്ലു അരവിന്ദ് രാമായണം സിനിമയാക്കാന്‍ ഒരുങ്ങുന്നത്. ത്രീഡിയിലായിരിക്കും സിനിമ. 500 കോടിയുടെ ബ‍ജറ്റില്‍ സിനിമ ഒരുക്കാനാണ് ആലോചന. അന്താരാഷ്ട്ര നിലവാരത്തില്‍ സിനിമ ഒരുക്കാനായി മികച്ച സാങ്കേതിക പ്രവര്‍ത്തകരെ അണിനിരത്താനാണ് ആദ്യഘട്ടത്തില്‍ അല്ലു അരവിന്ദ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍തന്നെ പുറത്തുവിടും.