തനിക്ക് ഒരു കണ്ണിനേ കാഴ്ചയുള്ളെന്ന കാര്യം റാണ നേരത്തേ വെളിപ്പെടുത്തിയിരുന്നു

കഴിഞ്ഞ വര്‍ഷം ഒരു ടെലിവിഷന്‍ ചാനല്‍ പരിപാടിക്കിടെയാണ് തന്‍റെ വലതുകണ്ണിന് കാഴ്ചയില്ലെന്ന വിവരം റാണ ദഗുബാട്ടി വെളിപ്പെടുത്തിയത്. കുട്ടിക്കാലം മുതല്‍ തനിക്ക് ഇടതകണ്ണേ കാണൂവെന്നും ഒരിക്കല്‍ മരണപ്പെട്ട വ്യക്തിയില്‍നിന്ന് കാഴ്ച സ്വീകരിച്ചുവെങ്കിലും അത് വിജയമായില്ലെന്നും പറഞ്ഞിരുന്നു റാണ. ഇടതുകണ്ണ് അടച്ചാല്‍ തനിക്ക് ഒന്നും കാണാനാവില്ലെന്നും. കാഴ്ചവൈകല്യം സിനിമാജീവിതത്തെ തന്നെ ബാധിക്കുന്നതിനാല്‍ ചിത്രീകരണങ്ങളൊക്കെ നിര്‍ത്തിവച്ച് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം.

എന്നാല്‍ ശസ്ത്രക്രിയയുടെ തീയ്യതി തീരുമാനിച്ചില്ലെന്ന് റാണയുടെ അച്ഛനും പ്രമുഖ നിര്‍മ്മാതാവുമായ സുരേഷ് ബാബു അറിയിച്ചു. റാണയുടെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പാരമ്പര്യമായി വന്നതാണെന്നും അദ്ദേഹം പറയുന്നു. സതീഷ് ഗുപ്ത എന്ന ഡോക്ടറുടെ നേതൃത്വത്തില്‍ മാക്സിവിഷന്‍ ആശുപത്രിയിലായിരുന്നു മുന്‍പ് നടത്തിയ ശസ്ത്രക്രിയ. എന്നാല്‍ ഇത്തവണ വിദേശത്താവും ചികിത്സ നടത്തുകയെന്നും സുരേഷ് ബാബു.

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ചിത്രീകരണം അവസാനിപ്പിച്ച് യുഎസിലേക്ക് വിശ്രമത്തിനായി പോയിരുന്നു റാണ. ഇപ്പോള്‍ ഹൈദരാബാദില്‍ തിരിച്ചെത്തിയെങ്കിലും ശസ്ത്രക്രിയയ്ക്ക് ശേഷമേ അദ്ദേഹം സിനിമാജീവിതത്തിലേക്ക് മടങ്ങൂ.