പൃഥ്വി നായകനായ മൈ സ്റ്റോറിയും കൂടെയും അടുത്തടുത്ത സമയങ്ങളില്‍ തീയേറ്ററുകളിലെത്തിയതോടെ രണം റിലീസ് മാറ്റിവെക്കുകയായിരുന്നു.

നാല് സിനിമകളാണ് ഇത്തവണ ഓണം റിലീസുകളായി തീയേറ്ററുകളിലെത്തുമെന്ന് ഉറപ്പിച്ചിരുന്നത്. നിവിന്‍ പോളി, മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ് ടീമിന്‍റെ കായംകുളം കൊച്ചുണ്ണി, മമ്മൂട്ടി, സേതു ടീമിന്‍റെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ഫഹദ് ഫാസില്‍, അമല്‍ നീരദ് ടീമിന്‍റെ വരത്തന്‍, ബിജു മേനോന്‍, റഫീക്ക് ഇബ്രാഹിം ടീമിന്‍റെ പടയോട്ടം എന്നിവയാണ് ഓണം റിലീസ് ഉറപ്പിച്ചിരുന്ന സിനിമകള്‍. പൃഥ്വിരാജും ടൊവീനോയും നായകന്മാരാകുന്ന സിനിമകളുടെ റിലീസ് പ്രഖ്യാപിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒരുപക്ഷേ ഓണത്തിന് തീയേറ്ററുകളിലെത്തുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍ പൃഥ്വി നായകനാവുന്ന നിര്‍മല്‍ സഹദേവ് ചിത്രം രണം ഓണത്തിന് തീയേറ്ററുകളിലെത്തില്ലെന്ന് ഉറപ്പായിരിക്കുകയാണ്. പൃഥ്വിരാജ് തന്നെയാണ് ചിത്രത്തിന്‍റെ റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണച്ചിത്രങ്ങള്‍ തീയേറ്ററുകള്‍ എത്തുന്നതിന് പിന്നാലെ സെപ്റ്റംബര്‍ ആറിന് രണം റിലീസ് ചെയ്യുമെന്ന് പൃഥ്വി അറിയിക്കുന്നു. ഇതിനകം സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുള്ള ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനായ മൈ സ്റ്റോറിയും കൂടെയും അടുത്തടുത്ത സമയങ്ങളില്‍ തീയേറ്ററുകളിലെത്തിയതോടെ രണം റിലീസ് മാറ്റിവെക്കുകയായിരുന്നു. 

അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്‍റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ആനന്ദ് പയ്യന്നൂരാണ് നിര്‍മ്മാണം.