ദുബായ്: രജനി കാന്തിന്‍റെ ബിഗ്ബജറ്റ് ശങ്കര്‍ ചിത്രം 2.0യുടെ ഓഡിയോ റിലീസ് ഒക്ടോബര്‍ 27ന്. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നടീനടന്‍മാരുടെ സാന്നിധ്യത്തിലാണ് ഓഡിയോ പുറത്തിറക്കുക. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന 2.0ലെ ഗാനങ്ങള്‍ക്കായി ആരാധകര്‍ നാളുകളായി കാത്തിരിക്കുകയായിരുന്നു. ദുബായിലെ ബുര്‍ജ് പാര്‍ക്കില്‍ നടക്കുന്ന ബ്രമാണ്ഡ ചടങ്ങിലാണ് ഗാനങ്ങള്‍ പുറത്തിറക്കുന്നത്. 

നായകന്‍ രജനികാന്ത്, സഹതാരം അക്ഷയ് കുമാര്‍, എന്നിവര്‍ ഓഡിയോ റിലീസിനെത്തും. ഹോളിവുഡ് സ്റ്റണ്ട് കലാകാരന്‍മാരുടെ പ്രകടനവും ആരാധകര്‍ക്കായി ഒരുക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പദ്ധതിയിടുന്നുണ്ട്. ചടങ്ങിന് മുന്നോടിയായി ഒരാഴ്ച്ചയോളം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ ദുബായില്‍ നടക്കും. 35000ത്തോളം ആരാധകര്‍ പരിപാടിക്കെത്തുമെന്നാണ് പ്രതീക്ഷ.