"മുന്‍പ് രചിച്ച സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊന്നും സ്ത്രീവിരുദ്ധത ആയിരുന്നില്ല.."

മലയാളം പോപ്പുലര്‍ സിനിമയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ട് ഏറെക്കാലമായിട്ടില്ല. ഒരുകാലത്ത് തീയേറ്ററുകളില്‍ നിറഞ്ഞോടിയ സിനിമകളിലെ നായകസംഭാഷണങ്ങള്‍ പലതും സ്ത്രീവിരുദ്ധമായിരുന്നെന്നും അവ ആണ്‍ കാണികളെ ലക്ഷ്യം വച്ചുള്ള കൃത്രിമ ഭാഷണങ്ങളായിരുന്നുവെന്നുമുള്ള വായന അടുത്തകാലത്തേതാണ്. സിനിമയിലെ 'പൊളിറ്റിക്കല്‍ കറക്ട്നസ്' ചര്‍ച്ചയാവുന്ന സോഷ്യല്‍ മീഡിയാ കാലത്ത്, ഒരിക്കല്‍ നായകന്മാര്‍ക്ക് സൂപ്പര്‍ സംഭാഷണങ്ങള്‍ രചിച്ചിരുന്ന തിരക്കഥാകൃത്തുക്കള്‍ക്ക് ഇതേക്കുറിച്ച് പറയാനുള്ളതെന്ത് എന്നത് കൗതുകമുള്ള അന്വേഷണമാണ്. അത്തരത്തില്‍ 'പഞ്ച് ഡയലോഗുകളു'ടെ സൃഷ്ടാക്കളില്‍ ഒരാളായ രഞ്ജി പണിക്കര്‍ മുന്‍പ് താന്‍ എഴുതിയ തിരക്കഥകളിലെ ചില സംഭാഷണങ്ങളില്‍ തനിക്കിന്ന് ഖേദമുണ്ടെന്ന് അടുത്തിടെ പറഞ്ഞിരുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്താണ് സിനിമകളിലെ സ്ത്രീവിരുദ്ധതയുടെ പേരില്‍ ആരോപണമേറ്റ മറ്റൊരാള്‍. എന്നാല്‍ തന്‍റെ സിനിമകളില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് കരുതുന്നില്ലെന്ന് പറയുന്നു രഞ്ജിത്ത്. ആ സംഭാഷണങ്ങള്‍ കഥാപാത്രങ്ങളുടേത് മാത്രമാണെന്നും അതല്ലാതെ അവ എഴുതിയ ആളുടെ അഭിപ്രായമല്ലെന്നും പറയുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്ത്.

"മുന്‍പ് രചിച്ച സംഭാഷണങ്ങളുടെ പേരില്‍ മാപ്പ് പറയേണ്ട കാര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതൊന്നും സ്ത്രീവിരുദ്ധത ആയിരുന്നില്ല. ഒരു പ്രത്യേക കഥാപാത്രത്തിന്‍റെ സ്വഭാവമോ അല്ലെങ്കില്‍ തമാശകളോ ആയിരുന്നു ആ സംഭാഷണങ്ങള്‍", രഞ്ജിത്ത് പറയുന്നു. പത്മരാജന്‍റെ കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ് എന്ന മമ്മൂട്ടി കഥാപാത്രത്തെയും തന്‍റെ തിരക്കഥയില്‍ ഐ.വി.ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനെയും എങ്ങനെ സ്ത്രീവിരുദ്ധരെന്ന് വിളിക്കാന്‍ കഴിയുമെന്നും രഞ്ജിത്ത് ചോദിക്കുന്നു.

"പത്മരാജന്‍റെ കൂടെവിടെയിലെ ക്യാപ്റ്റന്‍ തോമസ് (മമ്മൂട്ടി) മദ്യപിച്ചതിന് ശേഷം ഭാര്യയോട് പറയുന്നുണ്ട്, എടീ ഞാന്‍ കാഞ്ഞിരപ്പള്ളിക്കാരന്‍ നസ്രാണിയാ. എനിക്കറിയാം എന്‍റെ പെണ്ണുംപിള്ളയെ എങ്ങനെ നിര്‍ത്തണമെന്ന്.." അന്ന് പത്മരാജനില്‍ ആരും സ്ത്രീവിരുദ്ധത ആരോപിച്ചില്ലെന്നും കാരണം അത് കഥാപാത്രത്തിന്‍റെ സംഭാഷണമായി തിരിച്ചറിയപ്പെട്ടിരുന്നുവെന്നും പറയുന്നു രഞ്ജിത്ത്.

"ക്യാപ്റ്റന്‍ തോമസിന്‍റെ ഈഗോ പതിയെ അദ്ദേഹത്തിന്‍റെ തുടര്‍ജീവിതം തകര്‍ക്കുകയാണ്. പത്മരാജന്‍ ഒരിക്കലും ആ കഥാപാത്രത്തെ ന്യായീകരിച്ചിട്ടില്ല. ഇതുപോലെ തന്നെയാണ് ഒരു വടക്കന്‍ വീരഗാഥയിലെ കഥാപാത്രവും. സ്ത്രീകളെക്കുറിച്ച് ചന്തു (മമ്മൂട്ടി) അത്തരത്തില്‍ സംസാരിക്കുന്നത് അയാളുടെ വ്യക്തിപരമായ അനുഭവം കൊണ്ടാണ്. ദേവാസുരത്തില്‍ നീലകണ്ഠന്‍ തന്‍റെ തെറ്റ് തിരിച്ചറിയുന്നുണ്ട്. രേവതിയുടെ കഥാപാത്രത്തിന്‍റെ സ്നേഹത്തിനും കരുതലിനും അയാള്‍ നന്ദിയുള്ളവനുമാണ്. ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണശകലം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുക്കരുത്." നിരുപദ്രവകരങ്ങളായ തമാശകളെ സ്ത്രീവിരുദ്ധമെന്ന് വിളിക്കരുതെന്നും പറയുന്നു രഞ്ജിത്ത്.