കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയോ ബ്രയിൻ മാപ്പിങ്ങോ, നാർക്കോനാലിസിസ് ടെസ്റ്റോ എന്തുമാവട്ടെ അതിന് താൻ തയ്യാറാണെന്ന് നടന്‍ ദിലീപ്. മറ്റാരെയും കുറ്റവാളിയാക്കാനല്ലെന്നും തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി മാത്രമാണിതെന്നും ദിലീപ് ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു.
തന്റെ ഇമേജ് തകര്‍ക്കാനുളള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ജീവിതത്തിൽ ഇന്നേവരെ എല്ലാവർക്കും നല്ലതുവരണം എന്ന് മാത്രമെ ചിന്തിച്ചിട്ടുള്ളു, അതിനുവേണ്ടിയെ പ്രവർത്തിച്ചിട്ടുള്ളൂ.പക്ഷെ ഒരു കേസിന്റെ പേരിൽ കഴിഞ്ഞ കുറച്ചു നാളുകളായി എന്നെ തേജോവധം ചെയ്യാനുള്ള ശ്രമം ഒളിഞ്ഞും, തെളിഞ്ഞും ശ്രമിക്കുന്നു.
എന്നെ സ്നേഹിക്കുന്ന പ്രേക്ഷകരെ എന്നെന്നേക്കുമായ് എന്നിൽ നിന്നകറ്റുക, എന്റെ ആരാധകരെ എന്നെന്നേക്കുമായ് ഇല്ലായ്മ ചെയ്യുക, അതിലൂടെ എന്റെ പുതിയ ചിത്രം രാമലീലയേയും, തുടർന്നുള്ള സിനിമകളേയും പരാജയപ്പെടുത്തുക എന്നിവയാണ് ഇവരുടെ ലക്ഷ്യം. മാധ്യമങ്ങളോടും, പൊതു ജനങ്ങളോടും എനിക്കൊന്നേ പറയാനുള്ളൂ. ഒരു കേസിലും എനിക്ക് പങ്കില്ല. പ്രതിസന്ധിഘട്ടത്തില്‍ തന്നെ പിന്തുണച്ച സലീംകുമാറിനും അജു വര്‍ഗീസിനും നന്ദി പറയുന്നുവെന്നും ദിലീപ് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു.
