കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് മൂന്നാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. രണ്ടുതവണ ഹൈക്കോടതിയും ഒരുതവണ അങ്കമാലി സെഷന്‍സ് കോടതിയുമാണ് ദിലീപിന് ജാമ്യം നിഷേധിച്ചത്. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിശദമായി വാദം കേട്ട ഹൈക്കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ദിലീപിന് ജാമ്യം നിഷേധിക്കപ്പെടാനുള്ള പ്രധാന കാരണം ശക്തമായ പ്രോസിക്യൂഷന്‍ വാദമാണ്. കോടതിയില്‍ വാദമുഖങ്ങള്‍ ഉയര്‍ത്തിയില്ലെങ്കിലും മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച ശക്തമായ തെളിവുകളാണ് ദിലീപിന് തിരിച്ചടിയായത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്ക്യൂഷന്‍ വാദം അംഗീകരിച്ചു. സാക്ഷികള്‍ പലരും സിനിമമേഖലയില്‍ നിന്നുള്ളവരാണ്. അതിനാല്‍ സിനിമ മേഖലയില്‍ വളരെ സ്വാധീനമുള്ള പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെന്നുള്ള പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിന്റെ തിരക്കഥ പോലീസ് രചിച്ചതാണെന്ന ദിലീപിന്റെ അഭിഭാഷകന്റെ വാദം തള്ളപ്പെടുന്ന തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിക്ക് നല്‍കിയത്.